KSDLIVENEWS

Real news for everyone

മണിപ്പുർ കലാപം അന്വേഷിക്കാൻ 53 അംഗ സിബിഐ സംഘം; 29 വനിതാ ഉദ്യോഗസ്ഥർ

SHARE THIS ON

ന്യൂഡൽഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിന് സിബിഐ രൂപം നല്‍കി. ഇതില്‍ 29 ഉദ്യോഗസ്ഥര്‍ വനിതകളാണ്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മൂന്ന് ഡിഐജി റാങ്ക് ഉദ്യോഗസ്ഥരില്‍ രണ്ട് പേര് വനിതകളാണ്. എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും സംഘത്തില്‍ ഉണ്ട്. സിബിഐയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ലവ്‌ലി കട്യാര്‍, നിര്‍മല ദേവി, മോഹിത് ഗുപ്ത എന്നിവരാണ് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍. രാജ്വീര്‍ ആണ് സംഘത്തില്‍ ഉള്ള എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍. സിബിഐ ജോയിന്റ് ഡയറക്ടര്‍ ഘന്‍ശ്യാം ഉപാധ്യായ ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. എല്ലാ ഉദ്യോഗസ്ഥരും അദ്ദേഹത്തിന് റിപ്പോര്‍ട്ട് ചെയ്യണം. അന്വേഷണ സംഘത്തില്‍ രണ്ട് വനിത എ.എസ്.പിമാരും ആറ് വനിതാ ഡി.വൈ.എസ്.പിമാരുമുണ്ട്. 16 ഇന്‍സ്പെക്ടര്‍മാര്‍, 10 സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. മണിപ്പൂര്‍ പോലീസില്‍ നിന്നുള്ളവരുടെ സാന്നിധ്യം പരമാവധി കുറയ്ക്കാന്‍ സിബിഐ നേരത്തെ തീരുമാനിച്ചിരുന്നു. അന്വേഷണത്തില്‍ പക്ഷപാത പരാതി ഉന്നയിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് മണിപ്പൂരികളുടെ സാന്നിധ്യം കുറയ്ക്കുന്നത്. കുക്കി വിഭാഗത്തില്‍ പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ ശേഷം ബലാത്സംഗം ചെയ്തത് ഉള്‍പ്പടെ 11 കേസുകളുടെ അന്വേഷണമാണ് സിബിഐക്ക് നിലവില്‍ കൈമാറിയിട്ടുള്ളത്. മെയ്തി വിഭാഗത്തത്തില്‍ പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ഉള്‍പ്പടെ ആറ് പുതിയ കേസുകളില്‍ കൂടി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. കലാപവുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകളുടെ അന്വേഷണവും വരുംദിവസങ്ങളില്‍ സിബിഐ ഏറ്റെടുത്തേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!