KSDLIVENEWS

Real news for everyone

മോദിക്കെതിരേ പ്രിയങ്കയെങ്കിൽ വിജയം ഉറപ്പ്, അടുത്ത പ്രധാനമന്ത്രി ഇന്ത്യ സഖ്യത്തിൽനിന്ന്- ശിവസേന എംപി

SHARE THIS ON

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വാരാണസിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം.പി പ്രിയങ്ക ചതുര്‍ദേവി. അടുത്ത പ്രധാനമന്ത്രി ഇന്ത്യ സഖ്യത്തില്‍ നിന്നാകുമെന്നതിനാല്‍ ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ മോദി നടത്തിയത് പ്രധാനമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാന പ്രസംഗമാണെന്നും പ്രിയങ്ക ചതുര്‍ദേവി പറഞ്ഞു. ‘ഇന്ത്യ സഖ്യം മുന്‍പന്തിയിലാണ്. ഓരോ സീറ്റിലും ആരാണ് മികച്ചതെന്ന് സഖ്യം ചര്‍ച്ചചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി വാരാണസി മണ്ഡലത്തില്‍നിന്ന് മത്സരിച്ചാല്‍ അവര്‍ വിജയിക്കും’, പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. പ്രിയങ്ക വാരണാസിയില്‍ മത്സരിച്ചാല്‍ അവരുടെ വിജയത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയും അഭിപ്രായപ്പെട്ടിരുന്നു. ‘വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകരുടെ സങ്കടങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവയെല്ലാം രാജ്യത്ത് വര്‍ധിച്ചു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. അവര്‍ ചോദ്യങ്ങള്‍ ചോദിക്കും. ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ അവരുടെ (ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍) അവസാന പ്രസംഗമായിരുന്നു. അടുത്ത വര്‍ഷം ഇന്ത്യ സഖ്യത്തില്‍ നിന്നുള്ള പ്രധാനമന്ത്രിയാണ് രാജ്യത്തെ മുന്നോട്ടുനയിക്കുക’, ചതുര്‍വേദി പറഞ്ഞു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ബിജെപി പക്ഷത്തേക്ക് പോകുമോയെന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം ഒരിക്കലും ബിജെപിക്കൊപ്പം കൈകോര്‍ക്കില്ലെന്നും ഇന്ത്യ സഖ്യത്തിനൊപ്പം തന്നെ തുടരുമെന്നും ചതുര്‍വേദി മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!