KSDLIVENEWS

Real news for everyone

ഛത്തീസ്ഗഡിലെ സ്‌കൂളുകളുടെ പേരില്‍ എഎപി-കോണ്‍ഗ്രസ് ഏറ്റുമുട്ടൽ; അസ്വാരസ്യം തുടർന്ന് ഇന്ത്യ സഖ്യം

SHARE THIS ON

ന്യൂഡല്‍ഹി: ബിജെപിക്കെതിരായി പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്ന് രൂപംകൊടുത്ത ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള ഭിന്നതകള്‍ തുടരുന്നു. ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം സംബന്ധിച്ച് എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ നടത്തിയ പ്രസ്താവനയെ തുടര്‍ന്നുള്ള വാക്‌പോരുകളാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. ഈ വര്‍ഷം അവസാനം ഛത്തീസ്ഗഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് എഎപിയും കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടല്‍. എഎപി ഭരിക്കുന്ന ഡല്‍ഹിയിലെയും കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെയും സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം സംബന്ധിച്ച താരതമ്യമായിരുന്നു ഛത്തീസ്ഗഡിലെ റായ്പുരില്‍ പ്രസംഗിക്കവേ കെജ്രിവാള്‍ നടത്തിയത്. ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം ദയനീയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഛത്തീസ്ഗഡിലെ നിരവധി സ്‌കൂളുകള്‍ പൂട്ടിയിരിക്കുകയാണ്. പത്ത് ക്ലാസുകളുള്ള സ്‌കൂളുകളില്‍പോലും ഒറ്റ അധ്യാപകന്‍ മാത്രമാണുള്ളത്. നിരവധി അധ്യാപകര്‍ക്ക് ശമ്പളം കിട്ടുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം നോക്കൂ. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് ഒരു സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയ്ക്കായി ഇത്രയധികം കാര്യങ്ങള്‍ ചെയ്യുന്നതെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റായ്പുരിലെ പൊതുപരിപാടിയിലായിരുന്നു കെജ്രിവാള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ചത്. ഛത്തീസ്ഗഡില്‍ എഎപി സര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് കെജ്രിവാള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. കെജ്രിവാളിന്റെ താരതമ്യത്തിനേതിരേ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്തെത്തി. ഛത്തീസ്ഗഡിനെ ഡല്‍ഹിയുമായല്ല താരതമ്യം ചെയ്യേണ്ടതെന്നും ഛത്തീസ്ഗഡിലെ മുന്‍ സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരുമായി വേണം താരതമ്യം ചെയ്യാനെന്നും പവന്‍ ഖേര പറഞ്ഞു. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഏതു മേഖലയിലയിലും ഛത്തീസ്ഗഡ് സര്‍ക്കാരിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും പ്രകടനം താരതമ്യം ചെയ്യാന്‍ തയ്യാറാണ്. ഒരു സംവാദത്തിന് തയ്യാറുണ്ടോ എന്നും ഖേര ചോദിച്ചു. ‘ഇന്ത്യ’ സഖ്യത്തിന്റെ മൂന്നാം യോഗം നടക്കാനിരിക്കെ എഎപിയും കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കഴിഞ്ഞ ദിവസങ്ങളിലും രൂക്ഷമായിരുന്നു. തലസ്ഥാനത്ത് ഒറ്റയ്ക്കു മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ സഖ്യം വിടുമെന്ന് എഎപി ഭീഷണി മുഴക്കിയിരുന്നു. തലസ്ഥാനത്ത് ഏഴിടങ്ങളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്നായിരുന്നു ഡല്‍ഹിയിലെ നേതാക്കളും എഐസിസി നേതൃത്വവുമായി നടത്തി കൂടിക്കാഴ്ചയ്ക്ക് ശേഷം ലാംബ മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയെങ്കില്‍ ‘ഇന്ത്യ’ സഖ്യവുമായി സഹകരിക്കില്ലെന്ന് എ.എ.പി. വക്താവ് പ്രിയങ്കാ കക്കറും പറഞ്ഞതോടെ സഖ്യത്തിലെ വിള്ളല്‍ പ്രകടമായി. ദേശീയസഖ്യത്തില്‍ തുടര്‍ന്നുകൊണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ഇരു പാര്‍ട്ടികളിലും അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടി അധികാരത്തിലുള്ള ഡല്‍ഹിയിലേയും പഞ്ചാബിലേയും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തിന് താത്പര്യമില്ല. ഡല്‍ഹിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ബി.ജെ.പി.യെ ഏഴ് മണ്ഡലങ്ങളിലും തോല്‍പ്പിക്കാന്‍ എ.എ.പി.യുമായി കൈകോര്‍ക്കണമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ താത്പര്യം. വിട്ടുവീഴ്ച വേണമെന്നാണ് രാഹുലിന്റെയും നിലപാടെന്നറിയുന്നു. എന്നാല്‍, ഡല്‍ഹിയില്‍ എ.എ.പി.യുമായി ഒരു സഖ്യത്തിനും തയ്യാറല്ലെന്ന നിലപാടാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്. സമാന സ്ഥിതിയാണ് പഞ്ചാബിലും കോണ്‍ഗ്രസ് നേരിടുന്നത്. ബിജെപിക്കെതിരായ പ്രതിപക്ഷ മഹാസഖ്യത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കാളികളായെങ്കിലും പഞ്ചാബില്‍ അവരുമായി സഖ്യംവേണ്ടെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ കോണ്‍ഗ്രസ് അധ്യക്ഷന്‍ മലികാര്‍ജുന്‍ ഖാര്‍ഗയെ ഇതിനോടകം അറിയിച്ചു കഴിഞ്ഞു. കേരള മോഡല്‍ വേണമെന്നാണ് പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും വിശാല പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യില്‍ സഖ്യകക്ഷികളാണെങ്കിലും കേരളത്തില്‍ രണ്ട് മുന്നണികളായിട്ടാണ് പാര്‍ട്ടികള്‍ മത്സരിക്കുന്നത്. സമാനമായ മോഡലാണ് പഞ്ചാബിലും വേണ്ടതെന്നാണ് പഞ്ചാബ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!