ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ 40–ാം ദിനം ഇന്ന്; പള്ളിയിൽ പ്രത്യേക പ്രാർഥനകൾ

പുതുപ്പള്ളി∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടന്നുതീർത്ത വഴികളിലൂടെ അദ്ദേഹത്തിന്റെ ഓർമകളിൽ ഇന്നു നാട്. ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ 40–ാം ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാർഥനകൾ ശനിയാഴ്ച നടന്നു. രാവിലെ 6.30ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലായിരുന്നു പ്രാർഥന. തുടർന്നു കുർബാനയ്ക്കു ഡോ. യാക്കോബ് മാർ ഐറേനിയസ് മുഖ്യകാർമികത്വം വഹിച്ചു. കല്ലറയിലെ ധൂപപ്രാർഥനയിൽ ഡോ. യൂഹാനോൻ മാർ ദിയസ്കോറസും പങ്കെടുത്തു. ഇതിനുശേഷം വീട്ടിലും പ്രാർഥനയും ചടങ്ങുകളുമുണ്ടാകും. ഉമ്മൻ ചാണ്ടിയുടെ കല്ലറ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ചിത്രം:റിജോ ജോസഫ്∙മനോരമ പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ 40–ാം ദിനത്തോടനുബന്ധിച്ച് വലിയ ജനത്തിരക്കാണുള്ളത്. ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം ആളുകൾ ഇപ്പോഴുമെത്തുന്നുണ്ട്. ജനത്തിരക്ക് കണക്കാക്കി വരുന്നവർക്കായി പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ട്. “അദ്ദേഹത്തിന്റെ 40 ആചരിക്കുന്ന ഇന്ന് വലിയ ജനത്തിരക്കാണു പ്രതീക്ഷിക്കുന്നത്. അതിനുള്ള ക്രമീകരണങ്ങളെല്ലാം ചെയ്തിട്ടുണ്ട്” – പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി വികാരി ഫാ. ഡോ. വർഗീസ് വർഗീസും പള്ളി ഭാരവാഹികളും പറഞ്ഞു. കോൺഗ്രസിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും ഇന്നു സ്മൃതിയാത്രകളും ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടക്കും. 40–ാം ദിനം പ്രമാണിച്ച് ശനിയാഴ്ച യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഉണ്ടാകില്ല.

