KSDLIVENEWS

Real news for everyone

രണ്ടാം ദിനവും ഇന്ത്യയിൽ ‘കുടുങ്ങി’ കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ; വിമാനത്തിന് ഗുരുതര തകരാർ; പകരം വിമാനം എത്തിയേക്കും

SHARE THIS ON

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രതിനിധി സംഘവും രണ്ടാം ദിവസവും നാട്ടിലേക്കു മടങ്ങാന്‍ കഴിയാതെ ഇന്ത്യയില്‍ തുടരുന്നു. ഇവര്‍ മടങ്ങേണ്ടിയിരുന്ന വിമാനത്തിനു സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്നാണ് യാത്ര മാറ്റിവച്ചത്. കേടായ വിമാനം നന്നാക്കി പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഗുരുതരമായ തകരാറായതിനാല്‍ സമയമെടുക്കുമെന്നാണ് വിവരം. ഇതോടെയാണ് പകരം വിമാനമെത്തിക്കാന്‍ തീരുമാനിച്ചത്. ട്രൂഡോ ചിലപ്പോള്‍ പകരം വിമാനത്തില്‍ മടങ്ങും.

അതല്ലെങ്കില്‍ ഇന്ത്യയിലേക്കെത്തിയ വിമാനത്തിന്റെ തകരാർ പരിഹരിക്കുന്നതുവരെ ഇവിടെ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. ട്രൂഡോയെയും സംഘത്തിനെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കനേഡിയന്‍ സൈന്യം സ്വീകരിച്ചുവെന്ന് ട്രൂഡോയുടെ ഓഫിസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഇവര്‍ മടങ്ങുമെന്നാണു സൂചന. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ട്രൂഡോ ഞായറാഴ്ച രാത്രി എട്ടുമണിക്കുള്ള വിമാനത്തിലാണു മടങ്ങേണ്ടിയിരുന്നത്.

കാനഡയിലെ ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചതു ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് വിമാനം തകരാറിലായി ട്രൂഡോയ്ക്ക് ഇന്ത്യയില്‍ തന്നെ തുടരേണ്ടിവന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ സുഗമമായ ബന്ധം നിലനില്‍ക്കണമെങ്കില്‍ വിഘടനവാദികള്‍ക്കെതിരെ നടപടിയുണ്ടാകണമെന്ന് മോദി ചൂണ്ടിക്കാട്ടി. എന്നാല്‍, കാനഡയുടെ വിഷയത്തില്‍ ‘പുറത്തു നിന്നുള്ള ഇടപെടല്‍’ അനുവദിക്കില്ലെന്ന് ട്രൂഡോ പറഞ്ഞതായാണ് വിവരം. അതിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും കാനഡയില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നാണ് ട്രൂഡോ പറഞ്ഞത്.

പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം പോലെ വഷളായ അവസ്ഥയിലാണ് ഇന്ത്യ-കാനഡ ബന്ധമെന്നാണ് സൂചന. ഇന്ത്യയില്‍ നിന്ന് അനേകം വിദ്യാര്‍ഥികളും മറ്റും കാനഡയിലെത്തുന്ന സമയത്താണ് ബന്ധം മോശമായത്. ജനാധിപത്യത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധം നിലനിര്‍ത്താനുള്ള നടപടി കാനഡ സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.

കാനഡയില്‍ കഴിഞ്ഞ ദിവസം ഖലിസ്ഥാന്‍ സംഘടന ഇന്ത്യ വിരുദ്ധ ഹിതപരിശോധന നടത്തിയിരുന്നു. ഞായറാഴ്ച മോദി-ട്രൂഡോ ചര്‍ച്ച നടന്നതിനു പിന്നാലെയാണ് ബ്രിട്ടിഷ് കൊളംബിയയിലെ സറേയില്‍ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന ഹിതപരിശോധന നടത്തിയത്. ഈ പരിപാടിയില്‍ അവരുടെ നേതാവ് ഗുര്‍പട്വന്ത് സിങ് പന്നുന്‍ ഇന്ത്യയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഖലിസ്ഥാന്‍ അനുകൂലികളോട് ട്രൂഡോ ഭരണകൂടം അനുഭാവം പുലര്‍ത്തുന്നതായാണ് ആക്ഷേപം. അടുത്ത കാലത്ത് ഇന്ത്യയുമായുള്ള വ്യാപാര പദ്ധതികള്‍ ട്രൂഡോ ഏകപക്ഷീയമായി മരവിപ്പിക്കുകയും ചെയ്തു. ജി20 സമ്മേളനത്തിനെത്തിയ ട്രൂഡോയെ അവഗണിക്കുന്ന സമീപനം ഇന്ത്യയുടെയും അംഗരാജ്യങ്ങളുടെയും ഭാഗത്തു നിന്നുണ്ടായി എന്നു സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഈ സമ്മേളനത്തില്‍ ഇന്ത്യയുമായല്ലാതെ മറ്റു രാജ്യത്തലവന്മാരുമായി ട്രൂഡോയുടെ ഉഭയകക്ഷി ചര്‍ച്ചകളുണ്ടായിരുന്നില്ല. മോദിയുമായുള്ള ചര്‍ച്ച തന്നെ ഏറ്റവും അവസാനമാണു നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!