KSDLIVENEWS

Real news for everyone

ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലേക്ക് ട്രെയിനില്‍ പോകാം; പാത 2026 പൂര്‍ത്തിയാവും

SHARE THIS ON

ഹിമാലയന്‍ചെരിവിലെ ഭൂട്ടാനെന്ന കുഞ്ഞുരാജ്യത്തിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും സ്വപ്നസാക്ഷാത്കാരമാണ്. മനോഹരമായ പര്‍വതങ്ങളും ബുദ്ധവിഹാരങ്ങളും കോട്ടകളും മലിനീകരണമില്ലാത്ത അന്തരീക്ഷവുമെല്ലാമാണ് സഞ്ചാരികളെ ഭൂട്ടാനിലേക്ക് ആകര്‍ഷിക്കുന്നത്. ഭൂട്ടാന്‍ യാത്രാ സ്വപ്‌നങ്ങളെ താലോലിക്കുന്നവര്‍ക്ക് വലിയ സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലേക്ക് ട്രെയിനില്‍ പോകാനാവും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിനോദസഞ്ചാരം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. അസമിലെ കൊക്രജാറിനെ ഭൂട്ടാനിലെ ഗെലെഫുവുമായി ബന്ധിപ്പിക്കുന്ന വിധത്തില്‍ 57 കിലോമീറ്റര്‍ നീളമുള്ള പാതയാവും നിര്‍മ്മിക്കുക. ഈ റെയില്‍ ലിങ്കിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. 2026 ല്‍ പാത പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള സര്‍വെ കഴിഞ്ഞ ഏപ്രിലില്‍ പൂര്‍ത്തിയായിരുന്നു. നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ പാതയുടെ നിര്‍മ്മാണത്തെ കുറിച്ച് സൂചന നല്‍കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാര, സാമ്പത്തിക ബന്ധത്തില്‍ ഈ പാത നിര്‍ണ്ണായകമായി മാറുമെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.. ഇത് അസമിന്റെ സാമ്പത്തിക വികസനത്തിനും ശക്തി പകരും. ഇന്ത്യ-ഭൂട്ടാന്‍ റെയില്‍വേ ലൈനിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഉണ്ടെങ്കിലും സമീപകാലത്താണ് അന്തിമ രൂപമായത്. പാത പൂര്‍ത്തിയാവുന്നതോടെ ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലേക്കുള്ള ചരക്കു ഗതാഗതവും ഇത് വഴിയാവും. നിലവില്‍ റോഡ് മാര്‍ഗമാണ് ഭൂട്ടാനിലേക്ക് ചരക്കുകളെത്തിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലേക്കും തിരിച്ചുമുള്ള വിനോദസഞ്ചാരികള്‍ക്കും ഈ റെയില്‍ പാത അനുഗ്രഹമാവും. വിസയില്ലാതെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളിലൊന്ന് കൂടിയാണ് ഭൂട്ടാന്‍. ഇന്ത്യ, തായ്‌ലന്‍ഡ്, മ്യാന്‍മാര്‍ എന്നീ മൂന്നു രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ത്രിരാഷ്ട്ര ഹൈവേ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!