കലാപത്തിന്റെ ഭീതിയില്ലാതെ വിൻസൻ ഹോകിപിന് ഇനി ബന്തഡുക്ക മുന്നാട് പീപ്പിള്‍സില്‍ പഠിക്കാം

മുന്നാട് : മണിപ്പൂര്‍ കലാപത്തില്‍ പഠനം തടസപ്പെടുകയും ജീവിതം വഴിമുട്ടുകയും ചെയ്ത വിൻസൻ ഹോകിപിന് തുടര്‍പഠനത്തിന് അവസരമൊരുക്കി മുന്നാട് പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ആര്‍ട്സ് ആൻഡ് സയൻസ് കോളേജ്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനപ്രകാരം മണിപ്പൂരിലെ വിദ്യാര്‍ഥികള്‍ക്ക് കണ്ണൂര്‍ സര്‍വ്വകലാശാല കോളേജുകളില്‍ പഠനത്തിന് അവസരം ഒരുക്കിയിരുന്നു. അതിൻ്റെ ഭാഗമായാണ് സര്‍വ്വകലാശാല കുട്ടികളെ ഏറ്റെടുക്കുകയും മുന്നാട് പീപ്പിള്‍സ് കോളേജില്‍ പഠന സൗകര്യമൊരുക്കുകയും ചെയ്തത്. ബിഎസ്സി ജിയോഗ്രാഫിയിലാണ് വിൻസൻ ഹോകിപ്പിന് കോളേജില്‍ പ്രവേശനം നല്‍കിയത്. വിൻസണ്‍ ഹോകിപ്പിൻ്റെ താമസവും പഠനവും ഉള്‍പ്പെടെയുള്ള മുഴുവൻ ചെലവുകളും കാസര്‍കോട് കോപറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റി വഹിക്കും. കോളേജിലെത്തിയ വിൻസൻ ഹോകിപിന് സ്വീകരണം നല്‍കി. ചടങ്ങ് കാസര്‍കോട് കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാള്‍ ഡോ. സി കെ ലൂക്കോസ് അധ്യക്ഷനായി. സൊസൈറ്റി മുൻ പ്രസിഡന്റ് എം അനന്തൻ, സെക്രട്ടറി ഇ കെ രാജേഷ്, ഡയറക്ടര്‍മാരായ പായം വിജയൻ, സജിത് അതിയാമ്ബൂര്‍, എം ലതിക എന്നിവര്‍ സംസാരിച്ചു. ജിയോഗ്രാഫി വിഭാഗം തലവൻ എം ടി ബിജുമോൻ സ്വാഗതം പറഞ്ഞു.

