വീണ്ടും പടിക്കല്‍ കലമുടയ്ക്കുമെന്ന് തോന്നിപ്പിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്, അവസാന പന്തില്‍ വിജയം:

അവസാന ഓവറില്‍ രണ്ട് റണ്‍സ് നേടേണ്ട സാഹചര്യത്തില്‍ നിന്ന് അവസാന പന്തില്‍ ഒരു റണ്‍സെന്ന നിലയിലേക്ക് സ്വയം സമ്മര്‍ദ്ദം സൃഷ്ടിച്ച ശേഷം നിക്കോളസ് പൂരന്‍ നേടിയ സിക്സിന്റെ ബലത്തില്‍ വിജയിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്. അനായാസം നേടുമെന്ന കരുതിയ വിജയം ആണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് അവസാന പന്ത് വരെ കൊണ്ടെത്തിച്ചത്.
പഞ്ചാബ് ഓപ്പണര്‍മാര്‍ തങ്ങളുടെ പതിവ് ശൈലിയില്‍ ബാറ്റ് വീശിയതിനോടൊപ്പം ടീമിലേക്ക് തിരികെ എത്തിയ ക്രിസ് ഗെയിലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്തപ്പോള്‍ 8 വിക്കറ്റിന്റെ വിജയം നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ലോകേഷ് രാഹുലും ക്രിസ് ഗെയിലും അര്‍ദ്ധ ശതകം നേടിയപ്പോള്‍ മയാംഗ് ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുകയായിരുന്നു.
എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ യൂസുവേന്ദ്ര ചഹാല്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് വീണ്ടും പടിക്കല്‍ കലം കൊണ്ടുടയ്ക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും നിക്കോളസ് പൂരന്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് സിക്സര്‍ നേടി അവസാന പന്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

