ട്രെയിനില്‍ നാലുപേരുടെ കൊലപാതകം; മനഃപൂര്‍വ്വം, പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് കുറ്റപത്രം

ന്യൂഡല്‍ഹി: സര്‍വീസ് തോക്കുപയോഗിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനടക്കം നാലുപേരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിയായ ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ചൗധരിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് കുറ്റപത്രം. ജയ്പുര്‍- മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ ജൂലായ് 31-നായിരുന്നു സംഭവം. താന്‍ ചെയ്യുന്നതിനെക്കുറിച്ച് ഇയാള്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നുവെന്നും ഗവണ്‍മെന്റ് റെയില്‍വേ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മുംബൈ ബോറിവിലി മജിസ്‌ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 1203 പേജുകളാണുള്ളത്. 150 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയെന്ന് റെയില്‍വേ പോലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ മൂന്നുപേരുടെ മൊഴി സി.ആര്‍.പി.സി. 164 വകുപ്പ് പ്രകാരമുള്ള മൊഴിയാണ് രേഖപ്പെടുത്തിയത്. ചേതന്‍ സിങ് ഇരകളെ തിരയുന്നതിന്റെ ദൃശ്യവും പോലീസ് പരിശോധിച്ചു. മുസ്‌ലിങ്ങളായ യാത്രക്കാരെ തിരഞ്ഞുപിടിച്ചാണ് ചേതൻ സിങ് വകവരുത്തിയതെന്നാണ് സാക്ഷിമൊഴികൾ. കൊലപാതകം, രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വൈരാഗ്യം വളർത്തുക തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ പല വകുപ്പുകളാണ് ചേതൻ സിങ്ങിനെതിരേ ചേർത്തിരിക്കുന്നത്. ചേതന്‍ സിങ്ങിന്റെ വെടിയേറ്റ് എ.എസ്.ഐ. ടീക്കാറാം അടക്കം നാലുപേരായിരുന്നു മരിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സ്റ്റേഷന്‍ പിന്നിട്ട ശേഷമായിരുന്നു ആക്രമണം. വാക്കുതര്‍ക്കം പോലും ഉണ്ടായിരുന്നില്ലെന്നും പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്നും നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.ട്രെയിന്‍ നമ്പര്‍ 12956 ജയ്പുര്‍- മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ ജൂലായ് 31-ന് 5.23-ഓടെയായിരുന്നു സംഭവം. ഇപ്പോൾ ഇയാൾ അകോള ജയിലിലാണ്. കേസിന്റെ അടുത്തവാദം നവംബർ രണ്ടിന് നടക്കും.

