പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാം; നിരോധനം നീക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: വിവിധവകുപ്പുകളിലെ ഒഴിവുനികത്താനായി കര്‍ണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ.) നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി കെ.ഇ.എ. നടത്തിയിരുന്ന പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാമെന്നും മുഴുവന്‍ ഉദ്യോഗാര്‍ഥികളും പരീക്ഷതുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാ ഹാളിലെത്തണമെന്നും ക്രമക്കേടുകള്‍ തടയുന്നതിനുള്ള പരിശോധനയ്ക്ക് വിധേയമാകണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.സി. സുധാകര്‍ പറഞ്ഞു. ഹിജാബ് നിരോധിക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയുന്നതിന് തുല്യമാണെന്നും മതേതര സര്‍ക്കാരുകള്‍ക്ക് ഇത്തരം നടപടികളെടുക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. 28,29 തീയതികളിലാണ് കെ.ഇ.എ. പരീക്ഷ നടക്കുന്നത്. സിവില്‍ സപ്ലൈസ് കോര്പ്പറേഷന്, കര്‍ണാടക ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ വെല്‍ഫെയര്‍ ബോര്‍ഡ്, മൈസൂരു സെയില്‍സ് ഇന്റര്‍നാഷണല്‍ എന്നിവിടങ്ങളിലെ ഒഴിവുള്ള തസ്തികളിലേക്കുള്ള നിയമന പരീക്ഷയാണിത്. നാലുലക്ഷത്തോളം പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2022 ഫെബ്രുവരിയില്‍ ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചിരുന്നു. ഇതിനെതിരേ സുപ്രീംകോടതി വരെ നിയമപോരാട്ടങ്ങളും നടന്നു. സുപ്രീംകോടതി ഇക്കാര്യത്തില്‍ ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്.

