മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; സുരേഷ് ഗോപി മാപ്പു പറയണമെന്ന് കെയുഡബ്ല്യുജെ

തിരുവനന്തപുരം ∙ മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ചലച്ചിത്രതാരം സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകുമെന്നും മറ്റു നിയമ നടപടികൾ സ്വീകരിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പു പറയണമെന്നു സംസ്ഥാന പ്രസിഡന്റ് എം.വി.വിനീതയും ജനറൽ സെക്രട്ടറി ആർ.കിരൺ ബാബുവും ആവശ്യപ്പെട്ടു.
ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ കൈവയ്ക്കുമ്പോൾ തന്നെ അവർ അതു തട്ടിമാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. ഇന്നലെ കോഴിക്കോട് തളിയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു സംഭവം. നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മാധ്യമപ്രവർത്തകയും അറിയിച്ചു.

