KSDLIVENEWS

Real news for everyone

നെല്ലുസംഭരണം: സംസ്ഥാനവിഹിതത്തിൽ കള്ളക്കളി ;കർഷകന് നൽകുന്നത് 6.37 രൂപ

SHARE THIS ON

തിരുവനന്തപുരം: നെല്ലുസംഭരണത്തിനുള്ള സംസ്ഥാനവിഹിതത്തിൽ സർക്കാരിന്റെ കള്ളക്കളി. നടപ്പുവർഷം കേന്ദ്രവിഹിതം വർധിപ്പിച്ചെങ്കിലും ആനുപാതികമായി സംസ്ഥാനവിഹിതം ഉയർത്തിയില്ല. മാത്രമല്ല, നിലവിൽ നൽകുന്ന സംസ്ഥാനവിഹിതം വെട്ടിക്കുറച്ച് സംഭരണവില അതേപടി നിലനിർത്തുകയായിരുന്നു.


കഴിഞ്ഞ സാമ്പത്തികവർഷംമുതൽ കിലോയ്ക്ക് 28.20 രൂപയ്ക്കാണ്‌ സംസ്ഥാനത്ത്‌ നെല്ലുസംഭരിക്കുന്നത്. ഇതിൽ 20.40 രൂപ കേന്ദ്രവും 7.80 രൂപ സംസ്ഥാനവും നൽകുന്നതാണ്. ഈ സാമ്പത്തികവർഷം നെല്ലിന്റെ താങ്ങുവിലയിൽ കേന്ദ്രം 1.43 രൂപ വർധനവരുത്തി. ഇതോടെ കേന്ദ്രവിഹിതം 21.83 രൂപ ആയെങ്കിലും സംസ്ഥാനസർക്കാർ വിഹിതം 6.37 രൂപയായി വെട്ടിക്കുറച്ച് സംഭരണവില അതേപടി നിലനിർത്തി. കേന്ദ്രവിഹിതത്തിന് ആനുപാതികമായി വർധിപ്പിച്ചില്ലെങ്കിൽപോലും വിഹിതം അതേപടി നിലനിർത്തിയിരുന്നെങ്കിൽ കർഷകനുള്ള സംഭരണവില 29.63 രൂപയായി ഉയർത്താമായിരുന്നു.

എന്നാൽ, ഇക്കാര്യത്തിൽ കർഷകരോ കർഷകസംഘടനകളോ പ്രതികരിച്ചിട്ടില്ല. നേരത്തേ സംഭരിച്ച നെല്ലിന്റെ തുകയാണ് ഇപ്പോൾ പി.ആർ.എസ്. വായ്പയായി നൽകിവരുന്നത്. നെല്ലിന്റെ താങ്ങുവിലയിലെ കേന്ദ്രവിഹിതം കഴിഞ്ഞ രണ്ടുതവണ വർധിപ്പിച്ചപ്പോഴും കേരളം വിഹിതം കുറയ്ക്കുകയായിരുന്നു.


2021-ലെ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റിൽ നെൽക്കൃഷി വികസനത്തിന് 116 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ 60 കോടി ഹെക്ടറിന് 5500 രൂപവീതം നെൽക്കർഷകർക്കുള്ള സഹായധനമാണ്. തദ്ദേശസ്ഥാപനങ്ങൾ 5000 മുതൽ 10,000 രൂപ വരെ അധികസഹായം നൽകുമെന്നും ഇതിനുപുറമേ ഹെക്ടറിന് 2000 രൂപ വീതം റോയൽറ്റിയായും നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. 10 രൂപ സംസ്ഥാനം സബ്സിഡി നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും അതെല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി.

സാമ്പത്തികവർഷം, നെല്ലിന്റെ സംഭരണവില, കേന്ദ്രവിഹിതം, സംസ്ഥാനവിഹിതം.


2015-16 21.50 14.10 7.40.

2016-17 22.50 14.70 7.80.

2017-18 23.30 15.50 7.80.

2018-19 25.30 17.50 7.80.

2019-20 26.95 18.15 8.80.

2020-21 27.48 18.68 8.80.

2021-22 28.00 19.40 8.60.

2022-23 28.20 20.40 7.80.

2023-24 28.20 21.83 6.37.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!