KSDLIVENEWS

Real news for everyone

തടവുകാരുടെ എണ്ണം കൂടുന്നു; സംസ്ഥാനത്ത് ഒരു ജയിലിനുകൂടി ആലോചന

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രധാനജയിലുകളിൽ തടവുകാരുടെ എണ്ണം അനുവദിക്കപ്പെട്ടതിനെക്കാൾ കൂടുതലാകുന്ന സാഹചര്യത്തിൽ തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് ഒരു ജയിൽകൂടി നിർമിക്കാൻ ആലോചന. ഇതിനായുള്ള പ്രാഥമികപഠനങ്ങൾക്ക് തുടക്കമായി. എല്ലാ ജയിലുകളിലെയും തടവുകാരുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കാൻ ജയിൽമേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്.


തലസ്ഥാനത്ത് അന്തേവാസികൾ ഇരട്ടിയോളം

തിരുവനന്തപുരം സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ളവയിൽ അന്തേവാസികളുടെ എണ്ണം അനുവദിച്ചതിനെക്കാൾ ഇരട്ടിയോളമാണ്. പാർപ്പിക്കാവുന്നവരുടെ എണ്ണം 727 ആണ്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് അവിടെ 1316 പേരാണുള്ളത്. ജില്ലാജയിലിലാകട്ടെ 284 പേരെ താമസിപ്പിക്കേണ്ടിടത്ത് 360 പേരുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലാജയിലുകളുടെ അവസ്ഥയും ഇതുതന്നെയാണ്. അനുവദിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിയോളമാണ് അന്തേവാസികൾ.


വിയ്യൂർ സെൻട്രൽ ജയിലിൽ 563 പേരെ ഉൾക്കൊള്ളാനാകുന്നിടത്ത് 1005 പേരെ പാർപ്പിച്ചിട്ടുണ്ട്. കണ്ണൂർ സെൻടൽ ജയിലിൽ 986 പേരെ പാർപ്പിക്കാനാണ് അനുമതിയെങ്കിലും 1025 പേരെ മാത്രമേ പാർപ്പിച്ചിട്ടുള്ളൂ.

റിമാൻഡ് തടവുകാർ കൂടുതൽ


വിവിധ ജയിലുകളിലായി നിലവിൽ 9882 പേരുള്ളതിൽ 4663 പേർ റിമാൻഡ് തടവുകാരാണ്. അതേസമയം, കുറ്റം തെളിയിക്കപ്പെട്ട് ശിക്ഷ അനുഭവിക്കുന്നവരാകട്ടെ 3555 പേർ മാത്രവും. റിമാൻഡ് തടവുകാരുടെ എണ്ണം വർധിക്കുന്നതാണ് ജയിലുകളുടെ നിലവിലെ സ്ഥിതിയെ ബാധിക്കുന്നത്.

വിവിധ ജയിലുകളിൽനിന്ന് സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്ത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റുന്നതും തടവുകാരുടെ എണ്ണം പരിധിക്ക് പുറത്തുപോകുന്നതിന് കാരണമാകുന്നു. പത്തനംതിട്ട ജില്ലാജയിൽ നവീകരണത്തിന്റെ ഭാഗമായി അടച്ചിരിക്കുന്നതിനാൽ അവിടെ എത്തിക്കേണ്ടവരെ മറ്റിടങ്ങളിലേക്കാണ് മാറ്റുന്നത്. ഇതും പ്രശ്നമുണ്ടാക്കുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഗുണ്ടാ നിയമപ്രകാരം 248 തടവുകാരും വിചാരണത്തടവുകാരായി 1367 പേരും വിവിധ ജയിലുകളിലുണ്ട്.

എണ്ണം കൂടുമ്പോൾ സുരക്ഷ പ്രശ്നം

ചില ജയിലുകളിൽ തടവുകാരുടെ എണ്ണം ഇരട്ടിയിലധികമായിട്ടും അവിടെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തത് സുരക്ഷാപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

തിരുവനന്തപുരം സെൻട്രൽ ജയിൽ 149 സെല്ലുകളും 29 ബാരക്കുകളുമുണ്ട്. ഇവയുടെയെല്ലാം സുരക്ഷയ്ക്കായി 168 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരെയും 56 ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. മൂന്ന് പ്രിസൺ ഓഫീസർമാരും രണ്ട് ഗേറ്റ് കീപ്പർമാരുമുണ്ട്. 2020 മുതൽ ഏകദേശം 42 പേർ വിവിധ ജയിലുകളിൽനിന്നും കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ഇതിൽ 14 പേരെ ഇനിയും പിടികൂടാനുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!