നവകേരള ബസിന്റെ ചില്ല് ഇളകി; പണികൊടുത്തത് വെള്ളക്കെട്ട്, വര്‍ക്ഷോപ്പിലെത്തിച്ച് നന്നാക്കി

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിലേക്ക് സഞ്ചരിക്കുന്ന ബസിന്റെ ചില്ല് ഇളകിയതിനെത്തുടർന്ന് വര്‍ക്ഷോപ്പില്‍ എത്തിച്ച് അറ്റകുറ്റപണികൾ നടത്തി. കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു കോഴിക്കോട് നടക്കാവിലുള്ള വർക്ഷോപ്പിൽ എത്തിച്ചത്. പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു ബസ് എത്തിച്ചത്. ആവശ്യമായ ചില്ലും സാമഗ്രികളും വൈകിട്ടോടെ തന്നെ വർക്ഷോപ്പിൽ എത്തിച്ചിരുന്നു. തുടർന്ന് വടകരയിലെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് പരിപാടിക്ക് ശേഷം ബസ് വർക്ഷോപ്പിൽ എത്തിക്കുകയായിരുന്നു. മാനന്തവാടിയിൽ നവകേരളസദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയപ്പോൾ ബസ് ചെളിയിൽ താഴ്ന്നിരുന്നു. ജനത്തെ നിയന്ത്രിക്കാനായി കെട്ടിയ ബാരിക്കേഡിനിടയിലൂടെ ബസ് സ്റ്റേജിന്റെ അടുത്തുകൊണ്ടുവരാനുള്ള ശ്രമത്തിനിടെ, ബാരിക്കേഡ് കടക്കാൻ ശ്രമിച്ചപ്പോൾ ചെളിയിൽ ടയറുകൾ കറങ്ങി ബസ് നിൽക്കുകയായിരുന്നു. ബസിന്റെ മുൻടയറുകളും പിൻടയറുകളും ചെളിയിൽ താഴ്ന്നുപോയി. പോലീസ് ഉദ്യോഗസ്ഥരും കമാൻഡോകളും തള്ളിയാണ് കരകയറ്റിയത്. ഈ സമയത്ത് ബസിന്റെ ചില്ലിന് ഇളകിയിരുന്നു. ഇതേത്തുടർന്നാണ് ബസ് വർക്ക് ഷോപ്പിൽ എത്തിച്ച് നന്നാക്കിയത്.

