KSDLIVENEWS

Real news for everyone

KSRTC ബസ് കാറിലിടിച്ചു, പിന്നാലെ ജീവനക്കാരുടെ വെല്ലുവിളിയും ഭീഷണിയും; ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്

SHARE THIS ON

നെടുങ്കണ്ടം: അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത് അപകടമുണ്ടാക്കിയ കെ.എസ്.ആര്‍.ടി.സി ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്. ഇടുക്കി നെടുങ്കണ്ടം ടൗണില്‍ കോ ഓപ്പറേറ്റീവ് ബാങ്കിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിനുശേഷം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായി കാറിലുണ്ടായിരുന്നവര്‍ ആരോപിച്ചു. അമിത വേഗത്തില്‍ ഓവര്‍ടേക്ക് ചെയ്തുവന്ന ബസ് എതിര്‍ദിശയില്‍ വന്ന കാറിന്റെ സൈഡില്‍ ഇടിച്ചു. മുനിയറ സ്വദേശി പ്ലാറ്റില്‍ അരുണിന്റെ കാറിലാണ് നെടുങ്കണ്ടം കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍.15 എ 0330 എന്ന കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ചത്. കാറിന്റെ പിറകുവശത്തെ ഡോറിനോട് ചേര്‍ന്നുള്ള ഭാഗത്താണ് വണ്ടിയിടിച്ചത്. ഇവിടെയാണ് അരുണിന്റെ ഭാര്യ ആതിര കൈക്കുഞ്ഞുമായി ഇരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടമുണ്ടായിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കാതെ മുന്നോട്ടെടുക്കാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞു. പിന്നാലെ ബസ് ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് ആതിര പറഞ്ഞു. കാറുടമയോട് കേസ് കൊടുക്കാനായി ജീവനക്കാര്‍ വെല്ലുവിളിച്ചു. എസ്.ഐയ്ക്ക് പോലും ബസ് കസ്റ്റഡിയിലെടുക്കാന്‍ അധികാരമില്ലെന്ന്‌ കണ്ടക്ടര്‍ പറഞ്ഞു. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. ട്രിപ്പ് മുടക്കിയതിന് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്ന് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയിട്ടും പോലീസ് വഴങ്ങിയില്ല. അപകടം നടന്ന ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം വരെ സ്‌റ്റേഷനില്‍ കിടന്ന വണ്ടി ഡിപ്പോ മാനേജരുടെ അഭ്യര്‍ത്ഥന മാനിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് വിട്ടുനല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!