KSDLIVENEWS

Real news for everyone

പുണെ പോലീസില്‍നിന്ന് നിര്‍ണായകവിവരം; സനുവിനായി തിരച്ചില്‍ വ്യാപിപ്പിച്ച് പോലീസ്

SHARE THIS ON

കൊച്ചി: മുട്ടാർ പുഴയിൽനിന്ന് പതിമൂന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട് പിതാവ് സനു മോഹനു വേണ്ടിയുള്ള തിരച്ചിൽ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പോലീസ്.

നിലവിൽ തമിഴ്നാട്ടിലാണ് തിരച്ചിൽ നടത്തുന്നത്. സനു മോഹന്റെ അന്തസ്സംസ്ഥാന ബന്ധങ്ങൾ പരിഗണിച്ച് അന്വേഷണം മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

സനു മോഹന്റെ കുടുംബ പശ്ചാത്തലം, സാമ്പത്തിക ഇടപാടുകൾ, ഇതര സംസ്ഥാന ബന്ധം എന്നീ മൂന്ന് കാര്യങ്ങളാണ് പോലീസ് നിലവിൽ അന്വേഷിക്കുന്നതെന്ന് കൊച്ചി സിറ്റി ഡി.സി.പി. ഐശ്വര്യ ഡോങ്റെ പറഞ്ഞു. സനു മോഹന്റെ പേരിൽ കേരളത്തിനു പുറത്ത് കേസുകളുള്ളതായാണ് സൂചന.

സനു മോഹനുമായി ബന്ധപ്പെട്ടുള്ള നിർണായക വിവരങ്ങൾ പുണെ പോലീസിൽനിന്നു ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഡി.സി.പി.യുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് കമ്മിഷണർ അടങ്ങുന്ന സ്പെഷ്യൽ ടീമിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു ടീം നിലവിൽ തമിഴ്നാട്ടിലേക്ക് സനുവിനെ തേടി പോയിട്ടുണ്ട്.

എറണാകുളം ഗോശ്രീ പാലത്തിനു സമീപം ജീർണിച്ച നിലയിൽ ചൊവ്വാഴ്ച കണ്ടെത്തിയ അജ്ഞാത മൃതദേഹം സനു മോഹന്റേതാണെന്ന് സംശയമുയർന്നിരുന്നു. എന്നാൽ, പരിശോധനയിൽ മൃതദേഹം സനു മോഹന്റെ അല്ലായെന്ന് തെളിഞ്ഞതായി ഡി.സി.പി. പറഞ്ഞു.

അതേസമയം സനു മോഹന്റെ കാർ വാളയാർ കടന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെങ്കിലും, വാഹനത്തിൽ സനു മോഹൻ തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഐശ്വര്യ ഡോങ്റെ പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങളിൽ വാഹന നമ്പർ വ്യക്തമാണ്, എന്നാൽ വാഹനത്തിനകത്തുള്ള ആളെ കുറിച്ചുള്ള ദൃശ്യം ഇതുവരെ ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!