KSDLIVENEWS

Real news for everyone

കോണ്‍ഗ്രസിലെ തര്‍ക്കം മുതലെടുക്കാന്‍ ബിജെപി; രാജ്യസഭയിലേക്ക് രണ്ട് സംസ്ഥാനങ്ങളില്‍ അധിക സ്ഥാനാര്‍ഥി

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യസഭാ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ മുതലെടുക്കാന്‍ ബി.ജെ.പി. രാജസ്ഥാനില്‍ സ്വതന്ത്രനായി രണ്ടാംസ്ഥാനാര്‍ഥിയെയും മഹാരാഷ്ട്രയില്‍ മൂന്നാംസ്ഥാനാര്‍ഥിയെയും നിര്‍ത്തിയാണ് കരുനീക്കം. കുതിരക്കച്ചവടത്തിന് ശ്രമിക്കലാണിതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു.

രാജസ്ഥാനില്‍ എല്ലാസ്ഥാനാര്‍ഥികളും സംസ്ഥാനത്തിന് പുറത്തുനിന്നായതിനാല്‍ കോണ്‍ഗ്രസില്‍ അസ്വസ്ഥത പുകയുകയാണ്. പുറമേ, മുഖ്യമന്ത്രി അശോക് ഗഹ്ലോതും യുവനേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള വടംവലിയും മുറുകി. ഇതുമുതലെടുക്കലാണ് ബി.ജെ.പി. ലക്ഷ്യം. എസ്സെല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ മാധ്യമമേധാവി സുഭാഷ് ചന്ദ്രയെ അവസാനനിമിഷം രാജസ്ഥാനില്‍ ബി.ജെ.പി. സ്വതന്ത്രനായി രംഗത്തിറക്കി. സംസ്ഥാനത്ത് നാലു ഒഴിവുകളാണുള്ളത്.

അംഗസംഖ്യപ്രകാരം കോണ്‍ഗ്രസിന് രണ്ടുസീറ്റും ബി.ജെ.പി.ക്ക് ഒന്നും ലഭിക്കും. മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ ആദ്യ രണ്ടുസീറ്റിലേക്കും പ്രമോദ് തിവാരിയെ മൂന്നാംസീറ്റിലേക്കുമാണ് കോണ്‍ഗ്രസ് നിശ്ചയിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പ്രമോദ് തിവാരിയെ തഴയാന്‍ കോണ്‍ഗ്രസിനൊപ്പംനില്‍ക്കുന്ന കക്ഷികളെ പ്രേരിപ്പിക്കാനാണ് ബി.ജെ.പി. സീ ടി.വി. മേധാവി കൂടിയായ സുഭാഷ് ചന്ദ്രയെ കളത്തിലിറക്കിയത്.

200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് -108, ബി.ജെ.പി. -71, സ്വതന്ത്രര്‍ -13, ആര്‍.എല്‍.പി. -3, സി.പി.എം. -2, ബി.ടി.പി. -2, ആര്‍.എല്‍.ഡി. -1 എന്നിങ്ങനെയാണ് കക്ഷിനില. ഒരുസ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ 41 വോട്ട് വേണം.

മൂന്നാംസ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ കോണ്‍ഗ്രസിന് 15 വോട്ടുകള്‍ കൂടുതല്‍ വേണം. ബി.ജെ.പി.ക്കാവട്ടെ രണ്ടാംസ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ 11 വോട്ടും വേണം.

കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കവും നിരാശയും ഭരണത്തെ ബാധിക്കുകയാണെന്നും തങ്ങളുടെ സ്ഥാനാര്‍ഥിയും സ്വതന്ത്രനും ജയിക്കുമെന്നും ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് സതീഷ് പുനിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മഹാരാഷ്ട്രയില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള കവി ഇംമ്രാന്‍ പ്രതാപ്ഗഡിയെ സ്ഥാനാര്‍ഥിയാക്കിയതിലാണ് കലഹം. സംസ്ഥാനകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആശിഷ് ദേശ്മുഖ് രാജിവെച്ചു. നഗ്മ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യ എതിര്‍പ്പുമായെത്തുകയുംചെയ്തു. പിന്നാലെയാണ് ബി.ജെ.പി. മൂന്നാംസ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ഒഴിവുള്ള ആറുസീറ്റില്‍ ഇവിടെ കോണ്‍ഗ്രസിനും എന്‍.സി.പി.ക്കും ഓരോ ആളെ തിരഞ്ഞെടുക്കാം.

ബി.ജെ.പി.ക്ക് രണ്ടും. ശിവസേനയ്ക്ക് ഒരാളെ അയക്കാമെങ്കിലും രണ്ടാമനെക്കൂടി അയക്കാന്‍ 30 വോട്ടുകള്‍ അധികംവേണം. ഭരണമുന്നണിയിലെ മറ്റുകക്ഷികളുടെ അധികവോട്ടും സ്വതന്ത്രപിന്തുണയുമാണ് ശിവസേന പ്രതീക്ഷിക്കുന്നത്.

സഞ്ജയ് റാവുത്തും സഞ്ജയ് പവാറുമാണ് ശിവസേനാ സ്ഥാനാര്‍ഥികള്‍. ബി.ജെ.പി. പീയൂഷ് ഗോയലിനും അനില്‍ ബോംഡെയ്ക്കും പുറമേ, ധനഞ്ജയ് മഹാദിക്കിനെയാണ് നിര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!