KSDLIVENEWS

Real news for everyone

ഗൾഫ്മേഖലയിൽ അമേരിക്കയ്ക്ക് ‘സുരക്ഷിത താവളങ്ങളില്ല’; ഇറാന്റെ ആക്രമണത്തിൽ തകർന്ന് 20 സൈനിക കേന്ദ്രങ്ങൾ

SHARE THIS ON

വാഷിങ്ടൺ: ഫെബ്രുവരി 28 മുതൽ ആരംഭിച്ച ഇറാൻ-യുഎസ് യുദ്ധത്തിൽ കുറഞ്ഞത് 20 മുതൽ 28 വരെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ടുകൾ. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ഇറാഖ്, ജോർദാൻ, ബഹ്‌റൈൻ, ഒമാൻ എന്നീ എട്ട് ഗൾഫ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രധാന യുഎസ് സൈനിക താവളങ്ങളാണ് ഇറാന്റെ ആക്രമണണത്തിൽ തകർന്നത്. ഈ ആക്രമണങ്ങൾ അമേരിക്കൻ ഭരണകൂടം പരസ്യമായി സമ്മതിച്ചതിനേക്കാൾ ഗുരുതരമാണെന്ന് ബിബിസി വെരിഫൈ നടത്തിയ ഉപഗ്രഹ ചിത്രങ്ങളുടെ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നു.

അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ, റഡാറുകൾ എന്നിവ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങളാണ് ഇതിലൂടെ സംഭവിച്ചതെന്നാണ് റിപ്പോർട്ട്. യുഎഇയിലെ അൽ റുവൈസ്, അൽ സാദർ ബേസുകളിലും ജോർദാനിലെ മുവാഫാക്ക് സാൽതി ബേസിലുമായി മൂന്ന് അത്യാധുനിക ആന്റി ബാലിസ്റ്റിക് മിസൈൽ ബാറ്ററി സംവിധാനങ്ങൾ (THAAD) തകർന്നു. ഏകദേശം ഒരു ബില്യൺ ഡോളർ വിലമതിക്കുന്ന ഈ ഓരോ സംവിധാനവും എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാൻ കഴിയില്ലെന്ന് പ്രതിരോധ വിദഗ്ധർ വ്യക്തമാക്കുന്നു. കൂടാതെ, 700 മില്യൺ ഡോളർ വിലയുള്ള ഇ-3 സെൻട്രി നിരീക്ഷണ വിമാനവും സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ തകർക്കപ്പെട്ടതായാണ് വിവരം.

എഫ്-15, എഫ്-35 യുദ്ധവിമാനങ്ങൾ, 24 എംക്യു-9 റീപ്പർ ഡ്രോണുകൾ, എ-10 അറ്റാക്ക് പ്ലെയിൻ എന്നിവ ഉൾപ്പെടെ ആകെ 42 വിമാനങ്ങൾ തകരുകയോ ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുടെ ഭാഗമായി ഇറാനിലെ 13,000 ലക്ഷ്യങ്ങളിൽ അമേരിക്കൻ സഖ്യം ആക്രമണം നടത്തിയെങ്കിലും, ഇറാന്റെ പ്രത്യാക്രമണങ്ങൾ അമേരിക്കയ്ക്ക് വൻ നഷ്ടം ഉണ്ടാക്കുന്നതായിരുന്നുവെന്നാണ് റിപ്പോർട്ട്.

യുദ്ധം പുരോഗമിക്കുന്നതിനനുസരിച്ച് ഇറാന്റെ യുദ്ധതന്ത്രങ്ങളിൽ കാര്യമായ മാറ്റം വന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. തുടക്കത്തിൽ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ വലിയ തോതിലുള്ള മിസൈൽ വർഷമാണ് ഇറാൻ നടത്തിയിരുന്നത്. എന്നാൽ പിന്നീട് കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തന്ത്രപ്രധാനമായ ലക്ഷ്യങ്ങളിലേക്ക് കൃത്യമായ ആക്രമണങ്ങൾ നടത്താൻ അവർക്ക് സാധിച്ചു. ഇറാന്റെ മിസൈൽ പ്രഹരപരിധിക്കുള്ളിൽ നിന്ന് വിമാനങ്ങൾ മാറ്റി പാർക്ക് ചെയ്യുന്നതിൽ അമേരിക്കൻ സൈന്യത്തിന് തുടക്കത്തിലുണ്ടായ അലംഭാവമാണ് ഇത്രയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമായതെന്നും വിലയിരുത്തലുകളുണ്ട്.

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി തന്റെ സൈന്യത്തിന്റെ വിജയത്തെ പ്രശംസിക്കുകയും പശ്ചിമേഷ്യ ഇനി അമേരിക്കൻ താവളങ്ങൾക്ക് സുരക്ഷിതമായ ഇടമല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കൻ താവളങ്ങൾ തകർക്കുന്നതിലൂടെ മേഖലയിലെ തങ്ങളുടെ പഴയ സ്വാധീനം തിരിച്ചുപിടിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സംഭവത്തിന്റെ വ്യാപ്തി പുറംലോകം അറിയാതിരിക്കാൻ പ്ലാനറ്റ് പോലുള്ള ഉപഗ്രഹ ചിത്ര ദാതാക്കളോട് മേഖലയിലെ പുതിയ ചിത്രങ്ങൾ നൽകുന്നത് തടയാൻ അമേരിക്ക ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.

ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുടെ ആകെ ചിലവ് 29 ബില്യൺ ഡോളറിലെത്തുമെന്നാണ് പെന്റഗണിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്, ഇതിൽ വലിയൊരു ഭാഗം തകർന്ന ഉപകരണങ്ങൾ നന്നാക്കുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ വേണ്ടിയാണ് ചിലവഴിക്കുന്നത്. നിലവിലെ വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുകയാണെങ്കിൽ ഗൾഫിലുടനീളമുള്ള യുഎസ് താവളങ്ങൾ ഇനിയും വലിയ അപകടത്തിലാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!