KSDLIVENEWS

Real news for everyone

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു

SHARE THIS ON

കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റിവ് ഓഫീസിൽ വെച്ച് നടന്ന ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറിലധികം നീണ്ടുനിന്നു. ഭൂട്ടാൻ വഴി നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് ആഡംബര കാറുകൾ കടത്തുന്നത് തടയാൻ കസ്റ്റംസ് നടത്തുന്ന ‘ഓപ്പറേഷൻ നുംഖോർ’ എന്ന നടപടിയുടെ ഭാഗമായാണ് താരത്തെ വിളിപ്പിച്ചത്. 

ഈ കേസുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള നാല് ആഡംബര കാറുകൾ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ലാൻഡ് റോവർ ഡിഫെൻഡർ, ടൊയോട്ട ലാൻഡ് ക്രൂയിസർ, നിസാൻ പെട്രോൾ എന്നീ വാഹനങ്ങൾക്ക് പുറമെ ദുൽഖർ നായകനായ ‘ലക്കി ഭാസ്കർ’ എന്ന തെലുങ്ക് സിനിമയിൽ ഉപയോഗിച്ച നിസാൻ കാറും കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ കോടതി ഇടപെടലിനെ തുടർന്ന് ബാങ്ക് ഗ്യാരന്റി കെട്ടിവെച്ചാണ് താരത്തിന് ഈ വാഹനങ്ങൾ വിട്ടുകിട്ടിയത്.

അന്വേഷണ സംഘം ആവശ്യപ്പെടുമ്പോൾ വാഹനങ്ങൾ ഹാജരാക്കണമെന്നും അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമപരമായ രീതിയിലാണ് താൻ കാറുകൾ വാങ്ങിയതെന്നും ഇവ കള്ളക്കടത്തിലൂടെ എത്തിയതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ദുൽഖർ സൽമാൻ കസ്റ്റംസിന് നൽകിയിട്ടുള്ള മൊഴിയെന്നാണ് വിവരം.

ഭൂട്ടാനിൽനിന്ന് ഇന്ത്യയിലേക്ക് കാറുകൾ എത്തിക്കുന്നതിലൂടെ വലിയ തോതിലുള്ള നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. ഇത്തരത്തിൽ കേരളത്തിലേക്ക് വാഹനങ്ങൾ എത്തിച്ച ഉടമകളിൽ ഒരാളാണ് ദുൽഖർ സൽമാനെന്ന് കസ്റ്റംസ് സംശയിക്കുന്നു. പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകൾ സംബന്ധിച്ചും ഇവ ഏതു സാഹചര്യത്തിലാണ് ഭൂട്ടാനിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചതെന്ന കാര്യത്തിലും വ്യക്തത വരുത്താനാണ് കസ്റ്റംസ് ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!