KSDLIVENEWS

Real news for everyone

തൃക്കരിപ്പൂരിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ കാർ തടഞ്ഞ് ഡിവൈഎഫ്ഐ; തോളിലേറ്റി യുഡിഎഫ് പ്രവർത്തകർ

SHARE THIS ON

കാസർകോട്: തൃക്കരിപ്പൂരിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ കാർ തടഞ്ഞു സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ. മന്ത്രിയുടെ വാഹനത്തിനു വഴിയൊരുക്കാൻ യുഡിഎഫ് പ്രവർത്തകർ എത്തിയതോടെ സംഘർഷ സാധ്യത ഉടലെടുത്തു. മന്ത്രിക്കു സുരക്ഷയൊരുക്കാൻ വൻ പൊലീസ് സംഘവും നിലയുറപ്പിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിലാണ് പരിപാടി. രാത്രി 8.35 ഓടെ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴും ഡിവൈഎഫ്ഐകാർ പ്രതിഷേധിച്ചു.

∙ തോളിലേറ്റി യുഡിഎഫ്

മന്ത്രിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിനു പിന്നാലെ വാഹനത്തിൽനിന്നു പുറത്തിറങ്ങിയ മന്ത്രിയെ യുഡിഎഫ് പ്രവർത്തകർ തോളിലേറ്റിയാണു പരിപാടി നടക്കുന്ന ഹാളിലേക്ക് കൊണ്ടുപോയത്. നിലവിൽ പരിപാടി നടക്കുന്ന ഹാളിനു പുറത്ത് കൂടിനിന്ന് സിപിഎം–യുഡിഎഫ് പ്രവർത്തകർ പരസ്പരം മുദ്രാവാക്യം വിളിക്കുകയാണ്. കാസർകോട് ജില്ലാ പൊലീസ് മേധാവിയടക്കം വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സന്ദീപ് വാര്യർ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളും സ്ഥലത്തുണ്ട്. മന്ത്രി ഹാളിൽനിന്നു പരിപാടി കഴിഞ്ഞിറങ്ങുമ്പോഴും ഡിവൈഎഫ്ഐ പ്രതിഷേധം തുടർന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നതിനാൽ സ്ഥലത്ത് കനത്ത സംഘർഷ സാധ്യതയായിരുന്നു.

∙ കണ്ണൂരിലും കരിങ്കൊടി

ഒ.ജെ. ജനീഷിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് സിപിഎം–ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കണ്ണൂരില്‍ വിവിധ ഇടങ്ങളിൽ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. തളിപ്പറമ്പിലും പയ്യന്നൂരിലും ഡിവൈഎഫ്ഐ പ്രതിഷേധിച്ചത് സംഘർഷാവസ്ഥയിൽ എത്തിയിരുന്നു. തളിപ്പറമ്പിൽ കാർ തടഞ്ഞുനിർത്തി കല്ലുകൊണ്ടിടിച്ചു. കണ്ണൂരിലെ പരിപാടികൾക്കുശേഷം കാസർകോട്ടേക്കു പോകുകയായിരുന്നു മന്ത്രി. തളിപ്പറമ്പിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പിന്റെ താക്കോലും ഊരിയെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!