ഫ്‌ളൈ ദുബായ് സംഭവത്തിൽ സൗദി അന്വേഷണം നടത്തും; ശേഷം പൈലറ്റിനെ യുഎഇയ്ക്ക് കൈമാറും; തീവ്രവാദസാധ്യതയും പരിശോധിക്കും

ന്യൂഡൽഹി: ഫ്ലെെ ദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ അരങ്ങേറിയ നാടകീയസംഭവ വികാസങ്ങളിൽ രണ്ടുഘട്ടമായി അന്വേഷണം നടത്തുമെന്ന് റിപ്പോർട്ട്. സൗദി അറേബ്യ ആദ്യം അന്വേഷണം നടത്തിയശേഷമാകും ഒമാൻ സ്വദേശിയായ സഹപൈലറ്റിനെ യുഎഇയ്ക്ക് കൈമാറുകയെന്ന് ഒരു ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ദ ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു.
സൗദിയുടെ പ്രാഥമിക അന്വേഷണത്തിന് ശേഷം പൈലറ്റിനെ കൈമാറുന്നതോടെ സംഭവത്തെക്കുറിച്ച് യുഎഇ വിശദമായി പരിശോധിക്കും. ഫ്ലെെ ദുബായ് വിമാനത്തിലുണ്ടായ സംഭവത്തെക്കുറിച്ച് ഒരു വിദഗ്ധ പബ്ലിക് പ്രോസിക്യൂഷൻ സംഘം അന്വേഷിക്കാൻ യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടിട്ടുണ്ടെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും ഉദ്ദേശ്യങ്ങളും കണ്ടെത്താനാണ് അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച്, സംഭവത്തിന് തീവ്രവാദ പ്രവർത്തനവുമായി ബന്ധമുണ്ടോ, മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനാണ് ഈ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന. ഫ്ലെെ ദുബായ് വിമാനം യുഎഇയിൽ രജിസ്റ്റർ ചെയ്തതായതുകൊണ്ടും അത് യുഎഇയുടെ പതാക വഹിക്കുന്നതുകൊണ്ടുമാണ് രണ്ടാമത്തെ അന്വേഷണം യുഎഇയിൽ നടക്കുന്നത്.
ബുധനാഴ്ച ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ലെെ ദുബായ് എഫ്ഇസഡ് 1073-ലാണ് അക്രമമുണ്ടായത്. ഒമാനി സ്വദേശിയായ പൈലറ്റ്, സഹപൈലറ്റും ഇന്ത്യക്കാരനുമായ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. ഇയാൾ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്നും വിമാനം ഇടിച്ചിറക്കാൻ ശ്രമിച്ചെന്നുമാണ് റിപ്പോർട്ട്.
മുപ്പതിനായിരം അടി ഉയരത്തിൽ പറന്ന വിമാനം പൊടുന്നനേ പതിനായിരത്തിലധികം അടി താഴേക്കെത്തെത്തിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. പരിക്കേറ്റെങ്കിലും സ്മിത് മച്ചാർ സഹപൈലറ്റിനെ ശ്രമങ്ങളെ നിഷ്ഫലമാക്കി. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമംകാണിച്ച പൈലറ്റിനെ കീഴ്‌പ്പെടുത്തുകയും യാത്രക്കാരായി ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു.

