പിതാവിന്റെ മടിയിലേക്ക് വെടിയേറ്റു വീണ മുഹമ്മദ് അല്‍ ദുറ; ലോക മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ ദൃശ്യത്തിന് 26 വര്‍ഷം

ഗസ്സ: ഗസ്സയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് 12-കാരനായ ഫലസ്തീൻ ബാലൻ മുഹമ്മദ് അല്‍ ദുറ കൊല്ലപ്പെട്ട ദാരുണ സംഭവത്തിന് 26 വർഷം തികയുന്നു.
2000 സെപ്റ്റംബർ 30ന് രണ്ടാം ഇൻതിഫാദയുടെ രണ്ടാം ദിനത്തില്‍ ഗസ്സയിലെ നെത്സാരിം ജങ്ഷനില്‍ വെച്ചാണ് മുഹമ്മദ് അല്‍ ദുറ കൊല്ലപ്പെടുന്നത്. പിതാവിന്റെ നെഞ്ചോട് ചേർന്ന് നിലവിളിച്ചുകൊണ്ടിരുന്ന ബാലനെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ അന്ന് ആഗോളതലത്തില്‍ വലിയ രോഷത്തിനും പ്രതിഷേധത്തിനുമാണ് വഴിതുറന്നത്.
ഇസ്രായേല്‍ സൈന്യത്തിന്റെ തുരുതുരെയുള്ള വെടിയുണ്ടകളില്‍നിന്ന് മകനെ രക്ഷിക്കാൻ പിതാവ് ജമാല്‍ അല്‍ ദുറ സർവശക്തിയുമെടുത്ത് മറയായി നില്ക്കുന്നതും കൈകൂപ്പി കേഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാൻ മുഹമ്മദും പിതാവ് ജമാല്‍ അല്‍ ദുറയും ഒരു കോണ്‍ക്രീറ്റ് സിലിണ്ടറിന് പിന്നില്‍ അഭയം തേടുകയായിരുന്നു. പിതാവ് തന്റെ മകനെ ശരീരംകൊണ്ട് മറച്ചുപിടിച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതും ഭയന്നുവിറച്ച് കരയുന്ന മുഹമ്മദിന് നേരെ വെടിയുണ്ടകള്‍ പായുന്നതും ഫ്രാൻസ് 2 ചാനലിന്റെ ഫലസ്തീനിയായ കാമറാമാൻ തലാല്‍ അബു റഹ്മയാണ് കാമറയില്‍ പകർത്തിയത്.
ഫലസ്തീൻ ജനത നേരിടുന്ന ക്രൂരമായ അധിനിവേശത്തിന്റെയും അനീതിയുടെയും മായാത്ത പ്രതീകമായി മുഹമ്മദ് അല്‍ ദുറയുടെ കൊലപാതകം ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ സൈന്യം ആദ്യം ഏറ്റെടുത്തെങ്കിലും പിന്നീട് അവർ നിലപാട് മാറ്റി. ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്നും ഫലസ്തീനികളുടെ വെടിയേറ്റാണ് കുട്ടി മരിച്ചതെന്നുമായിരുന്നു ഇസ്രായേല്‍ വാദം. എന്നാല്‍ ഫ്രഞ്ച് കോടതി ഈ വാദങ്ങള്‍ തള്ളുകയും ദൃശ്യങ്ങള്‍ യാഥാർഥ്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മാധ്യമങ്ങളിലൂടെ ലോകമെമ്പാടും പ്രചരിച്ച ആ ദൃശ്യങ്ങള്‍ ഇന്നും ഫലസ്തീൻ വിമോചന പോരാട്ടത്തിന്റെ തീവ്രമായ ഓർമപ്പെടുത്തലായി നിലനില്ക്കുന്നു.

