തട്ടിക്കൊണ്ടുപോകല്‍: പിടിയിലായത് ദമ്പതിമാരും മകളും, ഭക്ഷണം കഴിക്കവെ പിടിവീണു, AR ക്യാമ്പിലെത്തിച്ചു

തിരുവനന്തപുരം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മൂന്നുപേരെ അടൂര്‍ എ.ആര്. ക്യാമ്പിലെത്തിച്ചു. എ.ഡി.ജി.പി. എം.ആര്. അജിത്കുമാര്‍, ഡി.ഐ.ജി. ആര്. നിശാന്തിനി, ഐ.ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ അടൂരിലെ ക്യാമ്പിലെത്തി ചോദ്യംചെയ്യല്‍ ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോയതിന്റെ പിന്നിലെ കാരണമടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദമായി ചോദിച്ചറിയും. കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരില്‍ പദ്മകുമാറിന് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. ബാക്കിയുള്ള രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നു. എന്‍ജിനീയറിങ് ബിരുദധാരിയാണ് പദ്മകുമാര്‍. തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് കൊല്ലത്തെ ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്. സംഭവം നടന്ന് അഞ്ചാംനാളാണ് പ്രതികളെ പിടികൂടുന്നത്. മൂന്നുപേരും പോലീസ് നിരീക്ഷണത്തിലായിരുന്നെന്നാണ് വിവരം. ചാത്തന്നൂരിലെ പദ്മകുമാറിന്റെ വീടിനു മുന്നില്‍ ഒരു സ്വിഫ്റ്റ് ഡിസയര്‍ കാര്‍ നിര്‍ത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ചതെന്ന് പരിശോധിക്കും. കൂടാതെ പദ്മകുമാറിന്റെ വീട്ടിലാണോ അന്ന് രാത്രി കുഞ്ഞ് കഴിഞ്ഞതെന്നതടക്കമുള്ള വിവരങ്ങളും പോലീസ് ഇവരില്‍നിന്ന് തേടും. കുടുംബത്തിന് ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നുമില്ലെന്നാണ് പ്രദേശത്തുകാര്‍ നല്കുന്ന വിവരം. നഴ്സിങ് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടെന്നും നേരത്തേ വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ പദ്മകുമാറോ മകളോ നഴ്സിങ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരല്ല. മകള്‍ മാര്‍ക്കറ്റിങ്ങുമായി ബന്ധപ്പെട്ട കോഴ്സാണ് പഠിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. വീട്ടുമുറ്റത്തുള്ള കാര്‍ പദ്മകുമാറിന്റെ പേരില്‍തന്നെയുള്ളതാണ്. പട്ടാപ്പകല്‍ ആറ് വയസുകാരിയെ ഓയൂരിലെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയും പോലീസും നാട്ടുകാരും ഉടന്‍തന്നെ വ്യാപക തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസം കൊല്ലം നഗരഹൃദയത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വ്യാപക പരിശോധനയ്ക്കിടയിലും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികള്‍ക്ക് കൊല്ലം നഗരത്തില്‍ എത്താന്‍ കഴിഞ്ഞത് എങ്ങനെ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

