തിരുവനന്തപുരത്ത് 11കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, പിതാവിന്റെ മൃതദേഹം കുളത്തിൽ

തിരുവനന്തപുരം : നാവായിക്കുളത്ത് 11വയസ്സുകാരനെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാവായിക്കുളത്ത് സഫീറിന്റെ മകൻ അൽത്താഫാണ് മരിച്ചത്. പിതാവ് സഫീറും മറ്റൊരു മകൻ അൻഷാദും കുളത്തിൽ ചാടി എന്ന സംശയത്തെടുർന്ന് നടത്തിയ തിരച്ചിലിൽ പിതാവിന്റെ മൃതദേഹം ലഭിച്ചു. മറ്റൊരു മകന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. പിതാവ് സഫീറും ഇളയമകനും കുളത്തിൽ ചാടിയെന്ന സംശയത്തെ തുടർന്നാണ് പോലീസ് വീട്ടിനകത്ത് പരിശോധന നടത്തിയത്. അപ്പോഴാണ് മൂത്ത മകൻ അൽത്താഫിനെ വീടിനുള്ളിൽ കഴുത്തറുക്കപ്പെട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ മറ്റാരും വീട്ടിനുള്ളിൽ ഉണ്ടായിരുന്നില്ല. പിതാവിന്റെ ഓട്ടോറിക്ഷ ക്ഷേത്രക്കുളത്തിനു സമീപം കണ്ടെത്തിയതിനെത്തുടർന്നാണ് ഇവർ കുളത്തിൽ ചാടിയോ എന്ന സംശയമുയർന്നത്.
തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. രണ്ടാമത്തെ മകനായുളള തിരച്ചിൽ ഫയർഫോഴ്സ് ഇപ്പോഴും കുളത്തിൽ തുടരുകയാണ്.
കുടുംബപ്രശ്നമാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളുടെ അമ്മ കുടുംബവുമായി അകന്ന് കഴിയുകയാണ്.

