മന്ത്രി സജി ചെറിയാനെതിരെ കേന്ദ്രമന്ത്രി; സംസ്‌കാരമില്ലെന്ന് സാംസ്‌കാരികമന്ത്രി സ്വയം തെളിയിച്ചു

തിരുവനന്തപുരം: ക്രൈസ്തവ മേലധ്യക്ഷന്മാര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരളത്തിലെ ഏറ്റവും സംസ്‌കാരമില്ലാത്തയാളാണ് സാംസ്‌കാരിക മന്ത്രിയെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ് സജി ചെറിയാനെന്നും ഇത്തരത്തിലുള്ള ഒരാളെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും പൊതുനയത്തിന്റെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു.
ഏറ്റവും വലിയ ഗുണ്ടകളെയാണ് മന്ത്രിസഭയിലേക്കെടുക്കുന്നതിനുള്ള യോഗ്യതയായി കണക്കാക്കുന്നത്. കൂടുതല്‍ ഗുണ്ടായിസം കാട്ടുന്നതുംമറ്റുള്ളവരെ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നതാണ് മന്ത്രിസഭാംഗമാകാനുള്ള യോഗ്യതയെന്നും അദ്ദേഹം പരിഹസിച്ചു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ ക്രൈസ്തവ മേലധ്യക്ഷന്മാര്‍ പങ്കെടുത്തതിനെ മന്ത്രി സജി ചെറിയാന്‍ വിമര്‍ശിച്ചിരുന്നു. ബി.ജെ.പി. വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയ കേക്ക് കഴിച്ചപ്പോള്‍ മണിപ്പുര്‍ വിഷയം മറന്നെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു

