നേതാക്കളുടെ സമവായനീക്കം; രാജി തീരുമാനം പുനഃപരിശോധിക്കുമെന്ന് ശരദ് പവാർ

ന്യൂഡല്‍ഹി: എന്‍.സി.പി. അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് ശരദ് പവാര്‍. രാജിവെച്ച തീരുമാനം പുനഃപരിശോധിക്കാമെന്ന് ശരദ് പവാര്‍ സമ്മതിച്ചതായി മരുമകന്‍ അജിത് പവാര്‍ അറിയിച്ചു. ഇതിനായി കുറച്ച് സമയംl വേണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടതായും അജിത് പവാർ മാധ്യമങ്ങളോട് പറഞ്ഞു. അജിത് പവാറും സുപ്രിയ സുലേയും മറ്റു പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ചൊവ്വാഴ്ച വൈകീട്ട് ശരദ് പവാറിനെ കണ്ടിരുന്നു. ശരദ് പവാര്‍ പ്രസിഡന്റായിത്തന്നെ തുടരണമെന്നും വര്‍ക്കിങ് പ്രസിഡന്റായി മറ്റൊരാളെ നിയോഗിക്കാമെന്നും പാര്‍ട്ടി നേതാക്കൾ പവാറിനു മുന്നിൽ നിർദേശം വെച്ചതായാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് മുൻ നിലപാടിൽനിന്ന് പവാർ പിന്നോട്ടുപോയത്. ഞാനെന്റെ തീരുമാനമെടുത്തു. പക്ഷേ, നിങ്ങളെല്ലാവരും കാരണം ഞാന്‍ ആ തീരുമാനം പുനഃപരിശോധിക്കുന്നു. അതിനായി എനിക്ക് രണ്ടുമൂന്ന് ദിവസം സമയം വേണം. പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മടങ്ങിയാലേ എനിക്ക് ഇതേപ്പറ്റി ചിന്തിക്കാനാവൂ. ചിലയാളുകള്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് രാജിവയ്ക്കുന്നുണ്ട്. അത് അവസാനിപ്പിക്കണം, ശരദ് പവാര്‍ പറഞ്ഞതായി അജിത് പവാര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയാണ് പാര്‍ട്ടി പ്രസിഡന്റ് പദം രാജിവയ്ക്കുന്നതായി ശരദ് പവാര്‍ പ്രഖ്യാപിച്ചത്. പവാറിന്റെ ആത്മകഥയായ ‘ലാക് മസെ സംഗതി’യുടെ രണ്ടാംഭാഗത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം. 1999-ല്‍ പാര്‍ട്ടി രൂപവത്കരിച്ചതുമുതല്‍ അധ്യക്ഷസ്ഥാനം വഹിച്ചത് ശരദ് പവാറാണ്. മരുമകന്‍ ബി.ജെ.പി.യിലേക്ക് പോയേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കേ ശരദ് പവാര്‍ അധ്യക്ഷ സ്ഥാനമൊഴിഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് നേതാക്കൾ ഒന്നടങ്കം ശരദ് പവാറിനെക്കണ്ട് തീരുമാനത്തില്‍നിന്ന് പിന്തിരിയാന്‍ അഭ്യർഥിച്ചത്. മണിക്കൂറുകള്‍ നീണ്ട ചർച്ചകൾക്കൊടുവിലാണ് അദ്ദേഹം തീരുമാനം പുനഃപരിശോധിക്കാമെന്ന് സമ്മതിച്ചത്

