ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് 25 വർഷത്തിനുശേഷം കാസർകോട്ട് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് എടച്ചേരിയിൽ ഭാര്യയെ കൊലപ്പെടുത്തി കാൽ നൂറ്റാണ്ടോളം നിയമത്തിന് പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പിടിയിലായി. വേങ്ങോളി കിഴക്കയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഹമീദിനെയാണ് ക്രൈംബ്രാഞ്ച് സംഘം കാസർക്കോട് വെച്ച് അറസ്റ്റ് ചെയ്തത്. 2001ൽ നടന്ന ഈ കൊലപാതകത്തിൽ പ്രതിയെക്കുറിച്ച് യാതൊരു വിവരവുമില്ലാതിരുന്ന ഘട്ടത്തിലാണ് നിർണായകമായ ഈ അറസ്റ്റ് നടന്നിരിക്കുന്നത്.
2001ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭാര്യ ജമീലയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം ഹമീദ് നാട്ടിൽ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. അക്കാലത്ത് നാട്ടിൽ വലിയ ജനരോഷത്തിന് കാരണമായ കൊലപാതകമായിരുന്നു ഇത്. ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും വർഷങ്ങളോളം സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചിൽ നടത്തിയെങ്കിലും ഹമീദിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇയാൾ വിദേശത്തേക്ക് കടന്നതായും അന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.
കാസർക്കോട് ജില്ലയിലെ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇത്രയും കാലം ഹമീദ് ഒളിവിൽ കഴിഞ്ഞിരുന്നത്. നാട്ടുകാർക്കിടയിൽ ഒരു സാധാരണ മത്സ്യവിൽപനക്കാരനായി ജീവിച്ചു വരികയായിരുന്നു ഇയാൾ. മുൻപ് ലഭിച്ച ഫോട്ടോകളും സൂചനകളും വെച്ച് പൊലീസ് നടത്തിയ രഹസ്യ നീക്കമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. തിരിച്ചറിയാതിരിക്കാൻ പേരും വേഷവും മാറി ലളിതമായ ജീവിതം നയിക്കുകയായിരുന്നു ഹമീദ് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വർഷങ്ങൾ കഴിഞ്ഞതിനാൽ പ്രതിയുടെ രൂപത്തിൽ വന്ന മാറ്റം പൊലീസിനെ കുഴപ്പിച്ചിരുന്നു. എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയും പഴയകാല ഫോട്ടോകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയുമാണ് ഇയാൾ ഹമീദ് തന്നെയെന്ന് ഉറപ്പിച്ചത്. ഒളിവിൽ കഴിയുന്ന ക്രിമിനലുകളെ കണ്ടെത്താനായി ക്രൈംബ്രാഞ്ച് പ്രത്യേകമായി നടത്തുന്ന അന്വേഷണമാണ് 25 വർഷം പഴക്കമുള്ള ഈ കേസിൽ തുമ്പുണ്ടാക്കിയത്. പ്രതിയെ കോഴിക്കോട് എത്തിച്ച് കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

