KSDLIVENEWS

Real news for everyone

പീഡിപ്പിച്ചത് പിതാവ്, മാതാവും കൂട്ടുനിന്നു; മൂന്നുവര്‍ഷമായിട്ടും പോലീസ് നടപടിയില്ലെന്ന് പെണ്‍കുട്ടി

SHARE THIS ON

കണ്ണൂര്‍: പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പിതാവിനെ പോലീസ് പിടികൂടിയില്ലെന്ന പരാതിയുമായി പെണ്‍കുട്ടി. കാസര്‍കോട് ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2019 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് പ്രതിയെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുന്നത്. പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും മാതാവ് ഇതിന് കൂട്ടുനിന്നെന്നും ആരോപിച്ചാണ് പെണ്‍കുട്ടി 2019-ല്‍ പരാതി നല്‍കിയത്. പോലീസ് പിതാവിനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തെങ്കിലും മൂന്നുവര്‍ഷമായിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കുക പോലും ചെയ്തിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതി.


‘ഒറ്റതവണ മാത്രമല്ല, മൂന്നാംക്ലാസ് തൊട്ട് ആറാംക്ലാസ് വരെ പലതവണ ഉപ്പ ഇങ്ങനെ ചെയ്തിട്ടുണ്ട്. അത്രയുംവര്‍ഷങ്ങള്‍ രാത്രി കിടക്കുമ്പോള്‍ അങ്ങനെ ചെയ്തിരുന്നു. രാത്രി ഉപ്പാന്റെ കൂടെ കിടക്കാതിരുന്നാല്‍ പ്രശ്‌നമാക്കും. ഉമ്മയും പ്രശ്‌നമുണ്ടാക്കും. മോള്‍ താഴെ കിടക്കണമെന്നാണ് ഉമ്മ പറയാറ്. പക്ഷേ, ആ ചെറിയ പ്രായത്തില്‍ എനിക്ക് ഇതൊന്നും പുറത്തുപറയാന്‍ അറിയുമായിരുന്നില്ല. അതുകൊണ്ടാണ് അന്ന് പ്രതികരിക്കാതിരുന്നത്. പിന്നീട് പരാതി നല്‍കി. മജിസ്‌ട്രേറ്റിന് മൊഴിയെല്ലാം നല്‍കി. എന്നിട്ടും അവര്‍ കേസ് അന്വേഷിക്കുന്നില്ല. കേസ് കൊടുക്കുമ്പോള്‍ ഉപ്പ നാട്ടില്‍ തന്നെയുണ്ടായിരുന്നു. അന്വേഷണം മെല്ലെയായതോടെയാണ് ഉപ്പ മുങ്ങിയത്. പോലീസ് ഉരുണ്ട് കളിക്കുകയാണ്. കേസ് കൊടുത്തതിന് ഉമ്മയും മാനസികമായി തളര്‍ത്തുകയാണ്. റെസ്‌ക്യൂ ഹോമിലാണ് ഇപ്പോള്‍ കഴിയുന്നത്. നിലവില്‍ അവധിക്കാലമായതിനാല്‍ ഇളയമ്മയുടെ വീട്ടിലാണ്. റെസ്‌ക്യൂഹോമിലും വലിയ പീഡനമാണ്. അവിടെ നില്‍ക്കാനും കഴിയില്ല. പെണ്‍കുട്ടി പറഞ്ഞു.

മൂന്നാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ മൂന്നുവര്‍ഷത്തോളം പിതാവ് നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. മാതാവ് ഇതിന് കൂട്ടുനിന്നെന്നും പരാതിയിലുണ്ടായിരുന്നു. എന്നാല്‍ പിതാവിനെതിരേ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ മാത്രം പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെ കാണാനില്ലെന്നും കോടതിയെ സമീപിച്ച് വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നുമാണ് ചന്തേര പോലീസിന്റെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!