അച്ഛന് വാര്‍ത്തെടുത്ത പാര്‍ട്ടി അന്യമായിപ്പോകുമോ? ഉദ്ധവിന് മുന്നില്‍ ഇനി പോരാട്ടം മാത്രം

മുംബൈ: അച്ഛന് ബാലാസാഹേബ് താക്കറെ വാര്‍ത്തെടുത്ത പാര്‍ട്ടിയായ ശിവസേന അന്യമായിപ്പോകുമോ എന്ന ചോദ്യമാണ് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മുന്നിലുള്ളത്. താക്കറെ കുടുംബമില്ലാത്ത ശിവസേന എന്നത് പത്തുദിവസംമുമ്പ് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍, ഇന്ന് ബഹുഭൂരിപക്ഷം എം.എല്‍.എ.മാരും ഉദ്ധവിനെയും താക്കറെ കുടുംബത്തെയും വിട്ട് മറുഭാഗത്തേക്ക് പോയി. ഏറ്റവും അടുപ്പമുള്ളവരെന്ന് കരുതിയിരുന്ന മുംബൈയിലെ നേതാക്കള്‍പോലും മറുകണ്ടംചാടിയെങ്കിലും അണികള്‍ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും താക്കറെ കുടുംബം.
പാര്‍ട്ടിയെയും അണികളെയും പഴയപോലെ ഒപ്പംനിര്‍ത്താന്‍ ഇനിയുള്ള ദിവസങ്ങളില്‍ ഉദ്ധവിന് വലിയ പോരാട്ടംനടത്തേണ്ടിവരും. ആദ്യമായല്ല ശിവസേനയില്‍ പിളര്‍പ്പുണ്ടാകുന്നത്. എന്നാല്‍, വലിയ പ്രതിസന്ധിയില്‍ പാര്‍ട്ടി ഇത്രയേറെ ക്ഷീണിച്ചുപോകുന്നത് ഇതാദ്യമാണ്. 1991-ല്‍ ഛഗന്‍ ഭുജ്ബല്‍ കുറച്ച് എം.എല്‍.എ.മാരുമായി പാര്‍ട്ടി പിളര്‍ത്തി. തുടര്‍ന്ന് 2005-ല്‍ ശിവസേനാമുഖ്യമന്ത്രിവരെയായ നാരായണ്‍ റാണെയും ചില എം.എല്‍.എ.മാരുമായി പാര്‍ട്ടിവിട്ടു. തൊട്ടടുത്ത വര്‍ഷം താക്കറെ കുടുംബത്തില്‍നിന്നുള്ള രാജ് താക്കറെയും ശിവസേന വിട്ടു.
പക്ഷേ, ശിവസേനയെ അസ്ഥിരപ്പെടുത്താന്‍ ഇതിനൊന്നും കഴിഞ്ഞിരുന്നില്ല. ബാല്‍ താക്കറെയുടെ പ്രഭാവം പാര്‍ട്ടിയെ അപ്പോഴും നയിച്ചു. എന്നാല്‍, ഇന്ന് സ്ഥിതി മാറി. നേതാക്കള്ക്കൊപ്പംതന്നെ നല്ലൊരു ശതമാനം അണികളും പ്രവര്‍ത്തകരും മറുകണ്ടം ചാടിയെന്ന തിരിച്ചറിവ് താക്കറെ കുടുംബത്തിനുണ്ട്. ഇവരെ തിരികെ പാളയത്തിലെത്തിക്കുക, കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുക എന്നതൊക്കെയായിരിക്കും ഉദ്ധവിന്റെയും മകന് ആദിത്യ താക്കറെയുടെയും പ്രധാന ലക്ഷ്യം.

