കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവം: കര്‍ശന നടപടിയെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. എംപിമാരായ ബെന്നി ബെഹന്നാനും കൊടിക്കുന്നിൽ സുരേഷും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നുവെന്നും അടിയന്തര അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് രഹസ്യാന്വേഷണ സംഘം കോഴിക്കോട് ജില്ലയിലെ ചിന്താവളപ്പിൽ രഹസ്യമായി പ്രവർത്തിച്ചുവന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു.
സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിലൂടെ വിദേശത്തേക്കടക്കം ഫോൺ വിളിക്കാമെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതിനുപിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയങ്ങളടക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ ആവശ്യപ്പെട്ടത്.

