കണ്ണൂര്‍ പേരാവൂര്‍ ഉരുള്‍പൊട്ടല്‍: കാണാതായ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. മേലേ വെള്ളറയിലെ ചന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് മുകളില്‍ മണ്ണിടിഞ്ഞാണ് ഇയാളെ കാണാതായത്.
ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസുകാരി നുമാ ദാസാമിന്റെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന ക്വാട്ടേഴ്സിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. ഈ സമയം തറയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് വെള്ളത്തില്‍ ഒഴുകിപ്പോകുകയായിരുന്നു. പുലര്‍ച്ചെ വരെ തെരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ തെരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള കുളത്തിനരികെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
നെടുംപൊയില്‍, ചിക്കേരി കോളനി, നെടുംപുറം ചാല്‍ എന്നിവടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. കാണിച്ചാറില്‍ മണ്ണിടിച്ചിലുണ്ടായി. തൊണ്ടിയില്‍, നെടും പൊയില്‍, കൊമ്മേരി ടൗണുകളില്‍ വെള്ളം കയറി. കണ്ണൂരില്‍ മഴ കനത്തതോടെ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂര്‍ അടച്ചൂറ്റി പാറയില്‍ കൃപ അഗതി മന്ദിരത്തില്‍ വെള്ളം കയറി. ഇവിടുത്തെ അന്തേവാസികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇരുപത് വളര്‍ത്ത് മൃഗങ്ങള്‍ ഒലിച്ചു പോയി.നിരവധി വാഹനങ്ങള്‍ ഒലിച്ചു പോയി. നെടും പൊയില്‍ മാനന്തവാടി റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു.

