ചെക്ക് കേസ്: MLA മാണി സി. കാപ്പന് ഒരു വർഷം തടവും 5.30 കോടി പിഴയും; നടപടി പ്രവാസിമലയാളിയുടെ പരാതിയിൽ

മുംബൈ: ചെക്ക് കേസിൽ പാലാ എം.എ.ൽ.എ. മാണി സി. കാപ്പന് കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു. തടവുശിക്ഷയ്ക്ക് പുറമെ 5.30 കോടി രൂപ പലിശ സഹിതം നഷ്ടപരിഹാരമായി നൽകാനും മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രവാസി മലയാളിയും വ്യവസായിയുമായ ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. കോടതി വിധിച്ച തുക ഒരു മാസത്തിനകം നൽകണം. ഈ കാലാവധിക്കുള്ളിൽ പണം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ, മൂന്ന് മാസം കൂടി അധികമായി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
കോടതി വിധിച്ച തടവുശിക്ഷ ഒരു വർഷം മാത്രമായതിനാൽ മാണി സി. കാപ്പന്റെ എം.എൽ.എ. സ്ഥാനത്തിന് നിലവിൽ ഭീഷണിയില്ല. അതേസമയം, ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും മാണി സി. കാപ്പൻ എം.എൽ.എ പ്രതികരിച്ചു.

