അമിത് ഷായ്‌ക്കെതിരായ കനേഡിയന്‍ മന്ത്രിയുടെ ആരോപണം: അസംബന്ധവും അടിസ്ഥാനരഹിതവുമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഖലിസ്താന്‍ വിഘടനവാദികളെ കാനഡയില്‍വെച്ച് വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന കനേഡിയന്‍ മന്ത്രിയുടെ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് ഇന്ത്യ. ഇതുസംബന്ധിച്ച് കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ വ്യാഴാഴ്ച, ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
പൊതുസുക്ഷ, രാജ്യസുരക്ഷ എന്നിവ സംബന്ധിച്ച് കാനഡയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ അംഗങ്ങളോട് സംസാരിക്കവെ കനേഡിയന്‍ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ ആണ് അമിത് ഷായാണ് ഖലിസ്താന്‍ വിഘടനവാദികളെ കാനഡയില്‍വെച്ച് വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിലെന്ന് പറഞ്ഞത്.
കനേഡിയന്‍ ഹൈക്കമ്മിഷന്‍ പ്രതിനിധിയെ വ്യാഴാഴ്ച വിളിച്ചുവരുത്തിയെന്നും പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള നയതന്ത്ര കുറിപ്പ് കൈമാറിയെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.
കനേഡിയന്‍ മന്ത്രി ഡേവിഡ് മോറിസണ്‍, ഇന്ത്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ സമിതിക്ക് മുമ്പാകെ നടത്തിയ അസംബന്ധവും അടിസ്ഥാനരഹിതവുമായ പരാമര്‍ശങ്ങളില്‍ ശക്തമായി രാജ്യം പ്രതിഷേധിക്കുന്നു എന്നാണ് നയതന്ത്ര കുറിപ്പില്‍ പറയുന്നതെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.
യു.എസ്. ദിനപത്രമായ ‘വാഷിങ്ടണ്‍ പോസ്റ്റി’ലാണ് കനേഡിയന്‍ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണിന്റെ പരാമര്‍ശം സംബന്ധിച്ച വിവരം ആദ്യം വന്നത്. പത്രത്തിനു വിവരം നല്‍കിയത് താനാണെന്ന് ഡേവിഡ് മോറിസണ്‍ പാര്‍ലമെന്റിന്റെ ദേശീയസുരക്ഷാസമിതിയെ ചൊവ്വാഴ്ച അറിയിച്ചിരുന്നു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് നതാലി ഡ്രൂയിനും വിവരം പരസ്യപ്പെടുത്തിയെന്ന് സമ്മതിച്ചിരുന്നു.