KSDLIVENEWS

Real news for everyone

ഐ.സി.യുവില്‍ 18-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; വിഷം കുത്തിവെച്ച് കൊല്ലുമെന്നും ഭീഷണി

SHARE THIS ON

ലഖ്നൗ: ഐ.സി.യുവിൽ ചികിത്സയിലുള്ള പെൺകുട്ടിയെ വാർഡ് ബോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ഉത്തർപ്രദേശിലെ മീററ്റിലെ കെയർ നഴ്സിങ് ഹോമിലാണ് സംഭവം. സംഭവത്തിൽ ആശുപത്രിയിലെ വാർഡ് ബോയും ഗോസിപുർ സ്വദേശിയുമായ ഖാസിമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

മജീദ്നഗർ സ്വദേശിനിയായ 18 വയസ്സുകാരിയെ കടുത്ത പനിയെ തുടർന്ന് മെയ് 27-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഐ.സി.യുവിലേക്കും മാറ്റി. ഇവിടെവെച്ച് വാർഡ് ബോയ് ആയ ഖാസിം മയങ്ങാനുള്ള ഇൻജക്ഷൻ നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. വിവരം പുറത്തുപറഞ്ഞാൽ വിഷം കുത്തിവെച്ച് കൊല്ലുമെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

പീഡനത്തിനിരയായ പെൺകുട്ടി സഹോദരന്റെ ഭാര്യയോട് ഇതേക്കുറിച്ച് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് കുടുംബം ലിസരി ഗേറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

അതേസമയം, പരാതി ഒതുക്കിതീർക്കാൻ സ്റ്റേഷനിലെ എസ്.എച്ച്.ഒ. ശ്രമിച്ചതായും കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്. പ്രതിയും പരാതിക്കാരുമായി ഒത്തുതീർപ്പുണ്ടാക്കാനായിരുന്നു പോലീസ് ആദ്യം ശ്രമിച്ചത്. പ്രതിയുടെ കൂട്ടാളികൾ പരാതി പിൻവലിപ്പിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിന് മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. കുടുംബം സർക്കിൾ ഓഫീസർക്ക് പരാതി നൽകിയെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാനും എസ്.എച്ച്.ഒ. ശ്രമിച്ചു.

പെൺകുട്ടിയുടെ കുടുംബം രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നായിരുന്നു എസ്.എച്ച്.ഒ. ആദ്യം പറഞ്ഞത്. ഇതിനിടെ, വിവരമറിഞ്ഞ് പെൺകുട്ടിയുടെ സഹോദരൻ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പീഡനം നടന്ന സമയത്ത് സിസിടിവി ഓഫ് ചെയ്തിരുന്നതായും കണ്ടെത്തി. ഏകദേശം 40 മിനിറ്റോളമാണ് സിസിടിവി പ്രവർത്തനരഹിതമായിരിക്കുന്നത്. സിസിടിവി ഓഫ് ചെയ്ത ശേഷമാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന സംശയവും ഇതോടെ ബലപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!