KSDLIVENEWS

Real news for everyone

ഭീമമായ ഇന്ധനവില: വിമാന സർവീസുകൾ നിലച്ചേക്കും; കേന്ദ്രത്തിന് കത്തയച്ച് എയർ ഇന്ത്യയടക്കം കമ്പനികൾ

SHARE THIS ON

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വില കുത്തനെ ഉയർത്ത പശ്ചാത്തലത്തിൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്നും കാണിച്ച് രാജ്യത്തെ പ്രമുഖ വിമാന കമ്പനികൾ കേന്ദ്ര സർക്കാരിന് കത്ത് നൽകി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെട്ട ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ് ഐ എ) ആണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് അടിയന്തര സഹായം അഭ്യർത്ഥിച്ച് കത്തയച്ചത്. വിമാന ഇന്ധനത്തിന്റെ (എ ടി എഫ്) അമിതമായ വിലവർധനവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും മേഖലയെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഏപ്രിൽ 26 ന് അയച്ച കത്തിൽ വിമാന ഇന്ധനത്തിന്റെ വിലനിർണ്ണയ രീതി പരിഷ്കരിക്കണമെന്നും സാമ്പത്തിക പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങൾ കാരണം ക്രൂഡ് ഓയിൽ വില വർധിച്ചതും ആകാശപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ദീർഘദൂര സർവീസുകളുടെ ചെലവ് വർധിപ്പിച്ചതും കമ്പനികൾക്ക് തിരിച്ചടിയായി.

ഇന്ധന വിലയിലെ അശാസ്ത്രീയമായ വർധനവ് തുടർന്നാൽ വിമാനങ്ങൾ നിലത്തിറക്കേണ്ടി വരുമെന്നും ഇത് സർവീസുകൾ റദ്ദാക്കുന്നതിലേക്ക് നയിക്കുമെന്നും എഫ് ഐ എ ചൂണ്ടിക്കാട്ടി. ആഭ്യന്തര സർവീസുകൾക്ക് ഈടാക്കുന്ന 11 ശതമാനം എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി ഒഴിവാക്കണമെന്ന ആവശ്യവും കത്തിലുണ്ട്. ഡൽഹി, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉയർന്ന വാറ്റ് (വി എ ടി) നിരക്കുകളും വിമാനക്കമ്പനികളുടെ നട്ടെല്ലൊടിക്കുന്നു. നിലവിൽ തമിഴ്‌നാട്ടിൽ 29 ശതമാനവും ഡൽഹിയിൽ 25 ശതമാനവുമാണ് ജെറ്റ് ഇന്ധനത്തിന്റെ നികുതി.

പ്രതിസന്ധിയിലായ വിമാനക്കമ്പനികളെ സഹായിക്കാൻ 5,000 കോടി രൂപയുടെ അടിയന്തര ക്രെഡിറ്റ് ഗ്യാരന്റി സ്കീമിന് കേന്ദ്ര സർക്കാർ ഉടൻ അനുമതി നൽകിയേക്കുമെന്നും സൂചനകളുണ്ട്. 2022 ഒക്ടോബറിൽ നിലവിലുണ്ടായിരുന്ന ‘ക്രാക്ക് ബാൻഡ്’ വിലനിർണ്ണയ സംവിധാനം വീണ്ടും നടപ്പിലാക്കണമെന്നാണ് കമ്പനികളുടെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!