പെഗാസസ്: അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് സുപ്രീം കോടതിയില്‍, എസ്.ഐ.ടി. വേണമെന്നും ആവശ്യം

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി.) രൂപവത്കരിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് കോടതിയോട് ആവശ്യപ്പെട്ടു. പെഗാസസ് സോഫ്റ്റ് വെയർ കരാറിനെ കുറിച്ചുള്ള വിശദാംശങ്ങളും ആരെയൊക്കെയാണ് ലക്ഷ്യമിട്ടിരുന്നത് തുടങ്ങിയ വിവരങ്ങളും സർക്കാരിനോട് തേടണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെടുന്നുണ്ട്. എഡിറ്റേഴ്സ് ഗിൽഡിന്റെ റിട്ട് ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും. സർക്കാർ തങ്ങളുടെ അധികാര പരിധി ലംഘിക്കുന്നുണ്ടോ എന്നും ജനങ്ങളുടെ മൗലികാവകാശങ്ങൾക്ക് സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും അറിയാൻ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ടെന്ന് എഡിറ്റേഴ്സ് ഗിൽഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. രാജ്യത്ത് ഇത്തരത്തിലുള്ള സ്പൈവെയർ ഉപയോഗിക്കുന്നതും സ്ഥാപിക്കുന്നതും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫോൺ ചോർത്തൽ പട്ടികയിൽ ഉൾപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തകനായ പരഞ്ജോയ് ഗുഹയും മറ്റു നാലുപേരും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സർക്കാർ ഏജൻസികളുടെ ഇത്തരത്തിലുള്ള അനധികൃത നിരീക്ഷണങ്ങൾ ജനങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും എഡിറ്റേഴ്സ് ഗിൽഡ് ഹർജിയിൽ ആരോപിക്കുന്നു.

