മൂന്ന് ദിവസം മുമ്പ് പുതിന്‍ റഷ്യക്കൊപ്പം ചേര്‍ത്ത പ്രദേശത്തേക്ക് യുക്രൈന്റെ വന്‍ മുന്നേറ്റം

മോസ്‌കോ:മൂന്ന് ദിവസം മുമ്പ് പുതിന്‍ ഒപ്പുവെച്ച് റഷ്യക്കൊപ്പം ചേര്‍ത്ത പ്രദേശത്തേക്ക് യുക്രൈന്റെ വന്‍ മുന്നേറ്റം. ഖേര്‍സണിലാണ് റഷ്യന്‍ പ്രതിരോധം തകര്‍ത്ത് യുക്രൈന്‍സൈന്യം മുന്നേറിയത്. ഇത് റഷ്യ സ്ഥിരീകരിക്കുകയും ചെയ്തു.
യുക്രൈൻ സൈന്യം അലെക്സാൻഡ്രോവ്കയിലെ സോളോടയ ബാൽക്കയിൽ തങ്ങളുടെ പ്രതിരോധം തകർത്തതായി റഷ്യൻ പ്രതിരോധമന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. കനത്ത തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കീവിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.
യുക്രൈൻ സൈന്യം കിഴക്കൻ മേഖലയിൽ ശക്തമായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നാണ് റഷ്യൻ സൈന്യം വ്യക്തമാക്കിയത്. “അസ്വസ്ഥമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതങ്ങനെ തന്നെ പറയേണ്ടിയിരിക്കുന്നു. തീർച്ചയായും ആ മേഖലകളിൽ വഴിത്തിരിവുണ്ടായിരിക്കുന്നു” യുക്രൈനിലെ ഖെർസൺ പ്രവിശ്യയിൽ റഷ്യ നിയോഗിച്ച നേതാവ് വ്ളാദിമിർ സാൽദോ റഷ്യൻ സ്റ്റേറ്റ് ടെലിവിഷനോട് വ്യക്തമാക്കി.

