KSDLIVENEWS

Real news for everyone

വിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് പരിക്കേറ്റു, കെ.എസ്.ആർ.ടി.സി. 45,000 രൂപ നഷ്ടപരിഹാരം നൽകണം

SHARE THIS ON

കൊച്ചി: കെ.എസ്.ആർ.ടി.സി. സംഘടിപ്പിച്ച വിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് പരിക്കേറ്റയാൾക്ക് 45,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. പരാതിക്കാരുടെ ആവശ്യങ്ങൾ യഥാസമയം പരിഗണിക്കാതിരിക്കുകയും തൃപ്തികരമായ പരിഹാരം നൽകാതിരിക്കുകയും ചെയ്ത കെ.എസ്.ആർ.ടി.സി.യുടെ നടപടി സേവനത്തിലെ അപര്യാപ്തതയും നിരുത്തരവാദപരമായ സമീപനവുമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. 45 ദിവസത്തിനകം നഷ്ടപരിഹാരം നൽകണം.

എറണാകുളം ഇടപ്പള്ളി സ്വദേശിനി ചന്ദ്രികാ മോഹൻദാസാണ് പരാതി നൽകിയത്. 2023 ഒക്ടോബർ ഏഴിന് ഇടപ്പള്ളി വട്ടേക്കുന്നം റെസിഡെൻസ് അസോസിയേഷൻ സംഘടിപ്പിച്ച മലയ്ക്കപ്പാറ വിനോദയാത്രയ്ക്കായി പരാതിക്കാരിയും കുടുംബവും കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്യുകയായിരുന്നു. അങ്കമാലിയിൽനിന്ന് മറ്റ് യാത്രക്കാർ ബുക്ക് ചെയ്തിട്ടുണ്ടെന്ന കാരണംപറഞ്ഞ് പരാതിക്കാരിയുടെ 73 വയസ്സുള്ള ഭർത്താവിനോട് സീറ്റിൽനിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. യാത്രയ്ക്കിടെ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ അദ്ദേഹം വീണു. ഇടതുകൈത്തണ്ടയിലെ എല്ല് പൊട്ടുകയും ചെയ്തു.

മഞ്ഞുമ്മൽ സെയ്ന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യാത്രക്കാരന് ശസ്ത്രക്രിയ ആവശ്യമായിവന്നു. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി 52,343 രൂപ ചെലവായതായി പരാതിയിൽ ചൂണ്ടിക്കാട്ടി. ബസിൽ ആവശ്യമായ പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. അപകടത്തിനുശേഷം യാത്രക്കാർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിൽ ജീവനക്കാർക്ക് വീഴ്ചയുണ്ടായെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!