ആശ്രമം കത്തിച്ച കേസിൽ വഴിത്തിരിവ്; കുണ്ടമൺകടവ് സ്വദേശി മൊഴിമാറ്റി: ക്രൈംബ്രാഞ്ചിന് തിരിച്ചടി

തിരുവനന്തപുരം∙ സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച സംഭവത്തിൽ മൊഴിമാറ്റം. കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ പ്രകാശും കുണ്ടമൺകടവിലെ കൂട്ടാളികളും ചേർന്നാണ് ആശ്രമത്തിൽ തീവച്ചതെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയ പ്രകാശിന്റെ മൂത്ത സഹോദരൻ പ്രശാന്താണ് കോടതിയിൽ മൊഴി മാറ്റി പറഞ്ഞത്. തീപിടിത്തത്തെപ്പറ്റി അറിയില്ലെന്ന് രഹസ്യമൊഴിയിൽ പറയുന്നു. ആർഎസ്എസ് പ്രവർത്തകരെ പ്രതിയാക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിന് മൊഴിമാറ്റം തിരിച്ചടിയാകും. ആശ്രമം കത്തിച്ച സംഭവത്തിൽ നാലര വർഷത്തിനു ശേഷമാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടായത്. അതിനിടെയാണ് മൊഴിമാറ്റം.
2018 ഒക്ടോബർ 27ന് പുലർച്ചെ ആണ് ആശ്രമത്തിൽ തീപിടിത്തമുണ്ടായത്. ആശ്രമത്തിനു കേടുപാട് സംഭവിച്ചതിനൊപ്പം പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളടക്കം മൂന്ന് വാഹനങ്ങൾ കത്തി നശിച്ചു. ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വച്ചിരുന്നു. ശബരിമല വിഷയത്തിലടക്കം സർക്കാർ– സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്ന സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചതു സംഘപരിവാറുകാരാണെന്ന് അദ്ദേഹം അടക്കം ആരോപിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ആശ്രമത്തിലെ സിസിടിവി കേടായിരുന്നതടക്കം എതിർ ആരോപണങ്ങൾക്കും വഴിവച്ചു. ആശ്രമം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികളെ ഉടൻ പിടികൂടുമെന്നു പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ നാലര വർഷം പൊലീസ് ഇരുട്ടിൽ തപ്പി.

