KSDLIVENEWS

Real news for everyone

ബൈഡന് സ്കിൻ ക്യാന്‍സർ; അർബുദം ബാധിച്ച ചർമം നീക്കം ചെയ്തതായി ഡോക്ടർ

SHARE THIS ON

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ(80) നെഞ്ചിലെ അർബുദബാധയുള്ള ചർമം ഫെബ്രുവരിയിൽ വിജയകരമായി നീക്കം ചെയ്തതായി അദ്ദേഹത്തിന്റെ ഡോക്ടർ അറിയിച്ചു. പതിവുപരിശോധനയിലാണു ചെറിയ മുറിവു കണ്ടെത്തിയതെന്നും ‘വ്യാപിക്കുന്ന’ തരത്തിലുള്ളതല്ലെന്നും ഡോക്ടർ കെവിൻ ഒകോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി 16നായിരുന്നു ബൈഡന്റെ മെഡിക്കൽ ചെക്കപ്പ്. ഇതിനു പിന്നാലെ അദ്ദേഹം ‘ജോലി ചെയ്യാൻ ആരോഗ്യവാനാണെന്ന്’ അധികൃതർ അറിയിക്കുകയും ചെയ്തു. ബയോപ്സി ചെയ്ത ഭാഗത്തെ മുറിവ് കരിഞ്ഞുവെന്നും വെള്ളിയാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രസിഡന്റ് ഡെർമറ്റോളജിക്കൽ നിരീക്ഷണത്തിൽ തുടരും. ജോ ബൈഡനെ ബാധിച്ചിരിക്കുന്നത് ചർമത്തിന്റെ മുകൾ ഭാഗത്തുണ്ടാകുന്ന നോൺ – മെലനോമ സ്കിൻ ക്യാൻസർ ആണ്. ഇതു മെലനോമ അല്ലെങ്കിൽ സ്ക്വാമസ് സെൽ അർബുദം പോലുള്ള കൂടുതൽ ഗുരുതരമായ ത്വക്ക് അർബുദങ്ങളെക്കാൾ നിരുപദ്രവകരമായ ഒന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2024ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ ഡെമോക്രാറ്റ് സ്ഥാനാർഥിയായി വീണ്ടും മത്സരിച്ചേക്കുമെന്നാണ് സൂചന. നിലവിൽ യുഎസ് പ്രസിഡന്റ് പദവിയിൽ എത്തിയ ഏറ്റവും പ്രായം കൂടിയ ആളാണ് ബൈഡൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!