ഈ മെഡലുകൾ എല്ലാം നേടിയത് ഇതിനാണോ? കൊല്ലണമെങ്കിൽ കൊല്ലൂ’: പൊട്ടിക്കരഞ്ഞ് വിനേഷ് ഫോഗട്ട്

ന്യൂഡൽഹി∙ പൊലീസും ജന്തർമന്തറിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളും തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിലെത്തിയതിനു പിന്നാലെ ക്യാമറയ്ക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് വനിതാ താരം വിനേഷ് ഫോഗട്ട്. ‘‘ഞങ്ങൾ ഈ മെഡലുകൾ എല്ലാം നേടിയത് ഇങ്ങനെ ഒരു ദിവസത്തിനു വേണ്ടിയാണോ’’ എന്ന് ചോദിച്ച് വിനേഷ് ഫോഗട്ട് കണ്ണീരടക്കാൻ പാടുപെട്ടു. മദ്യപിച്ചെത്തിയ ഒരു പൊലീസുകാരൻ രണ്ടു വനിതാ ഗുസ്തിതാരങ്ങളെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി. “ആ പൊലീസുകാരൻ ഞങ്ങളെ എല്ലാവരെയും തള്ളിയിട്ടു. ഇങ്ങനെ പെരുമാറാൻ ഞങ്ങൾ കുറ്റവാളികളല്ല. ഞങ്ങളെ കൊല്ലണമെങ്കിൽ കൊല്ലൂ.’’– വിനേഷ് ഫോഗട്ട് കൂട്ടിച്ചേർത്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഇല്ലാത്തതിനെയും അവർ ചോദ്യം ചെയ്തു. ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ നാല് മെഡലുകൾ നേടിയ ബജ്റംഗ് പൂനിയ, തന്റെ എല്ലാ മെഡലുകളും തിരിച്ചെടുക്കാൻ സർക്കാരിനോട് അഭ്യർഥിക്കുന്നതായി വികാരധീനനായി പറഞ്ഞു.

