KSDLIVENEWS

Real news for everyone

വ്യോമാതിർത്തി യുഎസ് ഉപയോഗിച്ചെന്ന ഇറാന്റെ വാദം തള്ളി കുവൈത്ത്; വിമാനത്താവളത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി

SHARE THIS ON

കുവൈത്ത്∙ തങ്ങളുടെ ഭൂപ്രദേശമോ വ്യോമാതിർത്തിയോ മറ്റൊരു രാജ്യത്തിന് നേരെയും ആക്രമണം നടത്താൻ ഉപയോഗിച്ചിട്ടില്ലെന്ന് കുവൈത്ത് വ്യക്തമാക്കി. കുവൈത്തിലെ സൈനിക താവളങ്ങളിൽനിന്നാണ് യുഎസ് തങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന ഇറാന്റെ വാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്.

ഇറാന്റെ ആരോപണങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ കുവൈത്ത് വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഹമദ് സുലൈമാൻ അൽ മഷാൻ ഇറാന്റെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി. മറ്റൊരു രാജ്യത്തിനെതിരെയുള്ള ശത്രുതാപരമായ നീക്കങ്ങൾക്കായി കുവൈത്തിന്റെ മണ്ണോ വ്യോമാതിർത്തിയോ വിട്ടുനൽകില്ലെന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നിലപാടാണെന്നും ഇറാന്റെ അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതവും തെളിവുകളില്ലാത്തതുമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.  

∙ വിമാനത്താവളത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി  
ഇന്ന് പുലർച്ചെയുണ്ടായ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് ഇരയായ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ഒന്ന് (ടി വൺ) കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബ നേരിട്ടെത്തി സന്ദർശിച്ചു. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ ഉള്ളിലും പുറത്തുമുണ്ടായ കനത്ത നാശനഷ്ടങ്ങൾ അദ്ദേഹം നേരിട്ട് വിലയിരുത്തി.  

ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശിയായ ഇന്ത്യൻ പ്രവാസി കൊല്ലപ്പെട്ടതിനെക്കുറിച്ചും 63 പേർക്ക് പരുക്കേറ്റതിനെക്കുറിച്ചുമുള്ള അപ്ഡേറ്റുകൾ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 

വിമാനത്താവളത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിൽ തകർന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി വിമാനത്താവളം എത്രയും വേഗം പൂർണ സജ്ജമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!