10 ദിനം മാത്രം ബാക്കി! കെഎസ്‌ആര്‍ടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസില്‍, എങ്ങനെ നടപ്പാക്കും; തീരുമാനമെടുക്കാൻ മന്ത്രിസഭ

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
ഓർഡിനറി- ഫാസ്റ്റ് പാസഞ്ചറുകളില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം. ഇതിനായി 90 കോടി രൂപയാണ് വേണ്ടത്. ഇത് എങ്ങനെ കണ്ടെത്തുമെന്നതടക്കം മന്ത്രിസഭ ചർച്ച ചെയ്യും. നവീൻ ബാബുവിന്‍റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടുന്നതിലും കാബിനറ്റ് തീരുമാനമെടുക്കും.
അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് നിയമസഭയില്‍ പൂർത്തിയാകും. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗവും ചർച്ചക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയുമാണ് ഇന്നത്തെ ആകർഷണം. പുതുയുഗത്തിന്‍റെ തുടക്കമാണ് നയപ്രഖ്യാപനമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ നയരാഹിത്യ പ്രസംഗമെന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം. രാവിലെ 9ന് അടിയന്തിരപ്രമേയ നോട്ടീസോടെയാകും ഇന്ന് സഭ തുടങ്ങുക. ഇന്ന് പിരിഞ്ഞ ശേഷം സഭ 19ന് സംസ്ഥാന ബജറ്റ് അവതരണത്തിനായി വീണ്ടും സമ്മേളിക്കും.
ഭരണമാറ്റത്തിന് ശേഷം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ജീവനക്കാരെ സ്ഥലം മാറ്റിയെന്ന് ആരോപണവുമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് ഇന്നലെ അനുമതി ലഭിച്ചിരുന്നില്ല. വി ജോയ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. സ്ഥലം മാറ്റം വ്യവസ്ഥകള്‍ പാലിച്ചു മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ് മറുപടി നല്‍കി. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടി എടുത്തിട്ടില്ല. പരാതി ഉണ്ടെങ്കില്‍ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ഥലം മാറ്റം ഒരു മാനദണ്ഡവും പാലിക്കാതെയാണെന്ന് വി ജോയ് ആരോപിച്ചു. വേണ്ടപ്പെട്ടവർക്ക് അവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റം നല്‍കി. 33 വകുപ്പുകളിലായി 207 ഉത്തരവ് ഇറങ്ങി. 310 വനിതകള്‍ക്ക് അടക്കം ദൂരസ്ഥലങ്ങളിലേക്ക് മാറ്റി. സംഘടനാ നേതാക്കള്‍ ലെറ്റർപാഡില്‍ എഴുതി കൊടുത്താല്‍ സ്ഥലംമാറ്റം നടക്കുന്ന കാലം മുൻപില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മെയ് മാസം വിരമിക്കല്‍ കാലമാണെന്ന് മന്ത്രി പറഞ്ഞു. പല തസ്തികകളും അതിനനുസരിച്ച് മാറും. ഒരു തസ്തികില്‍ ആള് മാറുമ്പോള്‍ 14 ഇടത്ത് മാറ്റം വരുമെന്ന് പറഞ്ഞത് പിണറായി വിജയനാണ്. 2016-ല്‍ അനധികൃത സ്ഥലംമാറ്റം സഭയില്‍ ഉന്നയിച്ച പി.ടി. തോമസിന് നല്‍കിയ മറുപടിയാണിതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ നിർത്തി ചർച്ച വേണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. സണ്ണി ജോസഫിന്റെ അളിയനെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചത് നിയമസഭയില്‍ പ്രതിപക്ഷം ഉയർത്തിയെങ്കിലും അദ്ദേഹം മറുപടി പറഞ്ഞില്ല.

