ഉടൻ ചികിത്സ തേടണം, പാമ്പു കടിയേറ്റാൽ; ജില്ലയിൽ ആന്റിവെനം ലഭ്യമായ ആശുപത്രികൾ ഇവ..

കാസർകോട് ∙ തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റു മരിച്ച വാർത്ത ആളുകളിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. പാമ്പുകൾ മൂലം ആവാസ കേന്ദ്രങ്ങളിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ വനംവകുപ്പ് എല്ലാ ജില്ലകളിലും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. 6 മാസത്തിനിടെ ജില്ലയിലെ കാസർകോട്, കാഞ്ഞങ്ങാട് റേഞ്ചുകളിലായി രക്ഷാപ്രവർത്തനം നടത്തിയത് 116 പാമ്പുകളെ പിടികൂടാനാണ്.
ഇവർ പിടികൂടിയ ശേഷം സുരക്ഷിതമായ ഇടങ്ങളിൽ തുറന്നുവിടും. വിഷപ്പാമ്പുകളെ മാത്രമല്ല, അല്ലാത്തവയെ രക്ഷിക്കാനും ഈ പ്രവർത്തകർ എത്താറുണ്ട്. സർപ്പ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും നേരിട്ടെത്തുന്ന സഹായ വിളികൾ ദ്രുതകർമ സേനയുടെയും പരിശീലനവും ലൈസൻസും നൽകിയ വൊളന്റിയർമാരും ജില്ലാ തലത്തിൽ വനംവകുപ്പിനു പിന്തുണയുമായുണ്ട്.https://5a292ef32807e38c68eaafa771e481c8.safeframe.googlesyndication.com/safeframe/1-0-38/html/container.html
ഔദ്യോഗികമായ ലൈസൻസ് ഉള്ളവർക്കു മാത്രമാണ് പാമ്പുകളെ പിടികൂടാനും രക്ഷാപ്രവർത്തനം നടത്താനും അനുമതിയുള്ളത്. പരിശീലനം ലഭിക്കാത്തവർ പാമ്പുകളെ പിടി കൂടുന്നതും കൈവശം വെക്കുന്നതും പ്രദർശിപ്പിക്കുന്നതും കുറ്റകരമായാണ് കണക്കാക്കുന്നത്. ജില്ലയിലാകെ ലൈസൻസ് ലഭിച്ച 38 രക്ഷാ പ്രവർത്തകരാണുള്ളത്. കോട്ടഞ്ചേരി, റാണിപുരം പോലെയുള്ള വനമേഖലകളിൽ ജില്ലയിൽ രാജവെമ്പാലയുടെ സാന്നിധ്യം കണ്ടെത്തിയുണ്ട്.
സർപ്പ ആപ്പ്
ആവാസ കേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ രക്ഷപ്പെടുത്താൻ സംസ്ഥാന വനംവകുപ്പിനായി വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനാണ് ‘സർപ്പ’. വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. ഏതെങ്കിലും മേഖലയിൽ പാമ്പിനെ കണ്ട വിവരം ആപ്പിലേക്ക് രേഖപ്പെടുത്തിയാൽ സമീപത്തുള്ള രക്ഷാപ്രവർത്തകർക്ക് വിവരം ലഭിക്കും. രക്ഷാപ്രവർത്തകർ ഈ അപേക്ഷ സ്വീകരിച്ചാൽ വനംവകുപ്പിലേക്ക് വിവരങ്ങൾ ലഭിക്കും. – ഡോക്ടർമാരും വിദഗ്ധരുമടങ്ങുന്ന കൂട്ടായ്മ രൂപീകരിച്ച സ്നേക്ക്പീഡിയ ആപ്ലിക്കേഷനിലും പാമ്പുകളെക്കുറിച്ചും രക്ഷാപ്രവർത്തകരെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങളും ആശുപത്രികളുടെ വിവരവും ലഭ്യമാണ്.
വേനൽക്കാലത്താണ് പാമ്പുകളെ കണ്ടെത്തിയ സംഭവങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ വരുന്നത്. ജില്ലയിൽ പരിശീലനം ലഭിച്ചവരിൽ വനംവകുപ്പിന്റെ ജീവനക്കാരായ 21 പേരും വൊളന്റിയർമാരായ 17 പേരും ഉൾപ്പെടുന്നു. വിഷമുള്ള പാമ്പിനങ്ങളെല്ലാം ജില്ലയിലുണ്ട്. രാജവെമ്പാലയെ ഉൾപ്പെടെ രക്ഷിച്ച് വനമേഖലയിൽ തുറന്നു വിട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ രക്ഷിച്ചിട്ടുള്ളത് മൂർഖനെയാണ്.അജിത് രാമൻ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സാമൂഹിക വനവൽക്കരണ വിഭാഗം), കാസർകോട്
നഷ്ട പരിഹാരം
വനമേഖലയ്ക്കു പുറത്ത് പാമ്പുകടിയേറ്റ് അപകടമുണ്ടായാൽ നഷ്ടപരിഹാരം ലഭിക്കും. മരണമുണ്ടായാൽ ഒരു ലക്ഷം വരെയാണ് സഹായധനം ലഭിക്കുക. ചികിത്സയ്ക്കും നിശ്ചിത തുക സഹായമായി ലഭിക്കും. വനമേഖലയിൽ അതിക്രമിച്ചു കയറി അപകടമുണ്ടായാൽ നഷ്ടപരിഹാരം ലഭിക്കില്ല.
ജില്ലയിൽ ആന്റിവെനം ലഭ്യമായ ആശുപത്രികൾ
കാസർകോട് ∙ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ഗവ. ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പാമ്പുകടിയേറ്റവർക്കുള്ളി വിദഗ്ധ ചികിത്സാ സൗകര്യം ലഭ്യമാണെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി. മനോജ്. പ്രധാന സ്വകാര്യ- സഹകരണ ആശുപത്രികളിലും ആന്റിവെനം ലഭ്യമാണ്. പാമ്പുകടിയേറ്റയാളെ സമയം കളയാതെ പരമാവധി വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുകയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കടിച്ചയാളെ വിട്ട് പാമ്പിനെ പരതി സമയം കളയരുത്. ലക്ഷണങ്ങൾ കണ്ടാൽ തന്നെ ഡോക്ടർമാർക്കു കാര്യങ്ങൾ മനസിലാക്കാനും ചികിത്സ നൽകാനും കഴിയും.
ചികിത്സയുള്ള ആശുപത്രികൾ തേടി സമയം കളയരുത്. എവിടെയാണ് ചികിത്സയുള്ളതെന്ന കാര്യം മുൻകൂട്ടി അറിഞ്ഞ് അവിടേക്കു മാത്രം പോവുക. കടിയേറ്റ ഭാഗം കൂടുതൽ അനക്കാതിരിക്കുകയാണ് നല്ലതെന്നും ഡോ.എ.ടി.മനോജ് പറയുന്നു. കടിയേറ്റ ഭാഗത്തിനു മുകളിൽ കെട്ടേണ്ട കാര്യമില്ല. അഥവാ കെട്ടുന്നുണ്ടെങ്കിൽ ഒരു വിരൽ കടന്നുപോകുന്ന രീതിയിൽ കുറച്ച് അയഞ്ഞ രീതിയിൽ കെട്ടുക. മുറുക്കി കെട്ടിയാൽ ചിലപ്പോൾ ആ ഭാഗം മുറിച്ചു കളയേണ്ട രീതിയിൽ പ്രശ്നമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഓരോ പാമ്പു കടിക്കും ഓരോ തരത്തിലുള്ള ആന്റിവെനമാണ് നൽകിയിരുന്നത്.
എന്നാൽ ഇപ്പോൾ മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ടമണ്ഡലി തുടങ്ങി ഏതാണ്ട് എല്ലാ പാമ്പുകടികളുടെ കടിയേറ്റാലും ഒരേ ആന്റിവെനമാണ് നൽകുന്നത്. അതുകൊണ്ട് പാമ്പ് ഏതാണെന്ന് അറിയേണ്ട കാര്യമില്ല. ഈ പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച് കുതിരയുടെ ശരീരത്തിൽ ഈ വിഷത്തിനെതിരെയുണ്ടാവുന്ന ആന്റിബോഡികൾ രക്തത്തിൽ നിന്നു വേർതിരിച്ചെടുത്തു ശുദ്ധീകരിച്ചാണ് ആന്റി സ്നേക് വെനം നിർമിക്കുന്നത്. പോളിവലന്റ് ആന്റി സ്നേക് വെനം എന്നാണ് ഇതിനെ വിളിക്കുന്നത്.
ജനറൽ ഹോസ്പിറ്റൽ, കാസർകോട്: 04672217018
ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് : 04994230080
കെയർവെൽ ആശുപത്രി, നുള്ളിപ്പാടി : 04994222324
കിംസ് സൺറൈസ് ആശുപത്രി, കാസർകോട് : 04994219400
മാലിക് ദിനാർ ചാരിറ്റബിൾ ആശുപത്രി, കാസർകോട്: 04994230112
അരമന ഹോസ്പിറ്റൽ, കാസർകോട്: 04994230524
ചെങ്കള ഇ.കെ.നായനാർ സഹകരണ ആശുപത്രി : 04994 284050

