മുട്ടിൽ മരംമുറി: പ്രതികൾക്കെതിരെ ഐപിസി വകുപ്പുകൾ ചുമത്താത്തത് എന്തുകൊണ്ട്?

കൊച്ചി∙ മുട്ടിലിൽ പട്ടയഭൂമിയിലെ മരം മുറിച്ചു കടത്തിയ കേസിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. മരംമുറിക്കേസിൽ നിസാര വകുപ്പുകൾ മാത്രം ചുമത്തി കേസ് എടുത്തത് എന്തുകൊണ്ടാണ് എന്നു കോടതി ചോദിച്ചു.
പ്രതികൾക്കെതിരെ ഐപിസി പ്രകാരമുള്ള വകുപ്പുകൾ ചുമത്താത്തത് എന്തുകൊണ്ടാണ്? മോഷണക്കുറ്റം ചുമത്തിയിട്ടുള്ള 68 കേസുകളിൽ പ്രതികളെ അറസറ്റു ചെയ്യാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. മുട്ടിൽ മരംമുറിക്കേസ് സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സർക്കാരിനെതിരെ വിമർശനം ഉയർത്തിയത്. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചിരിക്കുകയാണ്.
നേരത്തെ മുട്ടിൽ മരംമുറിക്കേസ് പരിഗണിക്കുമ്പോൾ പ്രതികൾക്കെതിരെ 700ൽ പരം കേസുകൾ എടുത്തിട്ടും അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഉന്നയിച്ചിരുന്നു. തൊട്ടു പിന്നാലെയായിരുന്നു അഗസ്റ്റിൻ സഹോദൻമാരെ പൊലീസ് അറസ്റ്റു ചെയ്തത്. മൂന്നു പേരെയും കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ പരിഗണിക്കുമ്പോൾ കേസ് അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട് എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.

