കാസർകോട് ജില്ലയിൽ മഴ കുറഞ്ഞു, ഭീതിയകന്നു; ജാഗ്രത തുടരാൻ അധികൃതർ

വെള്ളരിക്കുണ്ട് ∙ കനത്ത മഴയ്ക്കുള്ള സാധ്യത പറഞ്ഞിരുന്നെങ്കിലും ഇന്നലെ ജില്ലയിൽ ശക്തമായ മഴ ലഭിച്ചത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രം. ഇന്ന് റെഡ് അലർട്ട് ജാഗ്രത പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെ ഓറഞ്ച് അലർട്ടാക്കി മാറ്റി. ഇന്നലെ ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണു മഴ ലഭിച്ചത്. ഇതോടെ ഇന്നലത്തെ ഓറഞ്ച് അലർട്ട് യെലോ അലർട്ടാക്കി മാറ്റിയിരുന്നു. ചന്ദ്രഗിരിപ്പുഴയിൽ ജലനിരപ്പ് കാര്യമായി ഉയർന്നിരുന്നു.
പടിഞ്ഞാറൻ കാറ്റിനു ശക്തി കുറഞ്ഞതോടെയാണു മഴയുടെ പെയ്ത്തും കുറഞ്ഞത്. ഇന്ന് അതിതീവ്ര മഴയായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്. ഇതിന്റെ സാധ്യത കുറഞ്ഞെങ്കിലും മലയോര മേഖലകളിൽ അടുത്ത ഏതാനും ദിവസങ്ങൾ കൂടി അതീവ ജാഗ്രത ആവശ്യമാണെന്നു കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ മേഖലകളിൽ ഇന്നലെ വൈകിട്ടോടെ കൂടുതൽ മഴ ലഭിച്ചു

