കാറിന്റെ പിറകിൽ 8 കവറുകളിലായി കഞ്ചാവ്; യുവാവിനെ അറസ്റ്റ് ചെയ്തു

കാസർകോട് ∙ കർണാടകയിൽ നിന്നു കാറിൽ കടത്തുകയായിരുന്ന 16.5 കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കല്ലൻചിറ കൊവ്വൽപള്ളി അശ്മിത ഹൗസിൽ സി.ഗഫൂർ (37)നെയാണ് ഡിവൈഎസ്പി വി.വി.മനോജ് ഇൻസ്പെക്ടർ പി.അജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു.
കുമ്പള ഭാഗത്തു നിന്ന് കാസർകോട്ടേക്ക് കർണാടക റജിസ്ട്രേഷനിലുള്ള കാറിൽ കഞ്ചാവ് കടത്തുന്നു എന്ന വിവരത്തെ തുടർന്ന് കുഡ്‍ലു ഗോപാലകൃഷ്ണ സ്കൂളിനടുത്തു വച്ചാണ് പൊലീസ് പരിശോധന നടത്തിയത്. ഇതിനിടെ വിവരത്തിൽ നൽകിയ നമ്പറിലുള്ള കാർ എത്തി. നിർത്താനായി കൈ കാണിച്ചെങ്കിലും ഓടിച്ചു പോവുകയായിരുന്നു. പിൻതുടർന്ന പൊലീസ് സംഘം മീപ്പുഗിരിയിൽ വച്ചാണു പിടികൂടിയത്. കാറിന്റെ പിറകിൽ 8 കവറുകളിലായിട്ടാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

