തലയോട്ടി അടിച്ചുതകർത്ത അക്രമിക്കെതിരേ നടപടി വേണം; തലസ്ഥാനത്ത് CJP പ്രതിഷേധം; പോലീസ് സ്റ്റേഷൻ ഉപരോധം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും സിജെപി പ്രതിഷേധം. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ പ്രവർത്തകർ ഉപരോധിച്ചു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകനായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന്റെ തലയോട്ടി അടിച്ചുതകർത്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഉപരോധം. അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. നൂറുകണക്കിന് പ്രവർത്തകരാണ് പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നത്. പ്രദേശത്ത് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കുറ്റവാളി കുറ്റം പരസ്യമായി സമ്മതിക്കുന്ന സാഹചര്യത്തിലും ബിജെപിയുടെ നിർദ്ദേശപ്രകാരം ഡൽഹി പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നിഷുവിനും പിതാവിനുമൊപ്പം സിജെപി ഉറച്ചുനിൽക്കുമെന്നും അശുതോഷ് രങ്ക വ്യക്തമാക്കി. എന്തുകൊണ്ടാണ് ഈ കുറ്റവാളികൾ ഡൽഹിയിൽ പരസ്യമായി വിലസുന്നതെന്ന് സൗരവ് ദാസ് ചോദിച്ചു. സി.ജെ.പി. പ്രതിഷേധത്തിനിടെ ആളുകളെ ആക്രമിച്ചത് തങ്ങളാണെന്ന് കുറ്റവാളികൾ പരസ്യമായി അവകാശപ്പെടുന്നുണ്ട്. പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ ഡൽഹി പോലീസ് മറുപടി പറയണം. ഞങ്ങൾ നിശബ്ദരായിരിക്കില്ല. തുടർന്നും സമ്മർദ്ദം ചെലുത്തും. പോലീസിന്റെ ഇന്നത്തെ നിലപാട് കൂടി കണക്കിലെടുത്ത് അടുത്തതായി എന്തുചെയ്യണമെന്ന് തീരുമാനിക്കുമെന്നും സൗരവ് വ്യക്തമാക്കി.
സിജെപി സമരത്തിന് പിന്തുണയുമായി, ആസാദ് സമാജ് പാർട്ടി-കാൻഷി റാം പ്രസിഡന്റ് ചന്ദ്രശേഖർ ആസാദും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.
കേസിൽ രാഷ്ട്രീയമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന ആരോപണമാണ് സി.ജെ.പി ഉയർത്തുന്നത്. സഞ്ജയ് കുമാറിന്റെ തലയോട്ടി അടിച്ചുതകർത്തുവെന്നും വധശ്രമക്കേസ് ചുമത്തേണ്ട കുറ്റമായിട്ടും താൻ ജയിലിൽ പോകാതെ രക്ഷപ്പെട്ടുവെന്നും ഹിന്ദുത്വ ‘ഇൻഫ്ലുവൻസർ’ എന്ന് അവകാശപ്പെടുന്ന സ്വതന്ത്ര ഭരദ്വാജ് ഒരു വീഡിയോയിലൂടെ അവകാശവാദമുന്നയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ, ഡൽഹി മന്ത്രി കപിൽ മിശ്ര എന്നിവർ തന്റെ മൂത്ത സഹോദരന്മാരെപ്പോലെയാണെന്നും അവരുടെ പിന്തുണ തനിക്കുണ്ടെന്നും ഭരദ്വാജ് ഈ വീഡിയോയിൽ പറയുന്നുണ്ട്. ഭരദ്വാജിനെ സ്റ്റേഷനിൽനിന്ന് വിട്ടയക്കാനും കർശനമായ വകുപ്പുകൾ ചുമത്തുന്നത് തടയാനും മന്ത്രി കപിൽ മിശ്ര ഡൽഹി പൊലീസിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തിയതായി സി.ജെ.പി വക്താവ് സൗരവ് ദാസ് കുറ്റപ്പെടുത്തുകയും മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, സ്വതന്ത്ര ഭരദ്വാജ് പിന്നീട് ഈ ആരോപണങ്ങളിൽ മലക്കം മറിഞ്ഞു. യഥാർത്ഥത്തിൽ സ്വയം പ്രതിരോധത്തിനായുള്ള ഒരു നടപടിയായിരുന്നുവെന്ന് ഇയാൾ എഎൻഐയോട് പറഞ്ഞു. സ്വയം പ്രതിരോധത്തിന് മുതിർന്നില്ലായിരുന്നെങ്കിൽ, ആൾക്കൂട്ട ആക്രമണത്തിലോ മറ്റോ താൻ കൊല്ലപ്പെടുമായിരുന്നു. സഞ്ജയ് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ല. തന്റെ കൈവശം അതിനുള്ള വീഡിയോ തെളിവുകളുണ്ട്. 10-15 പേർ ചേർന്ന് തന്നെ വളഞ്ഞിരുന്നു. സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ തലയിൽ പരിക്കേൽക്കുകയായിരുന്നു. ഡൽഹി പോലീസ് പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയും മറ്റുള്ളവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോഡ്‌കാസ്റ്റ് ക്ലിപ്പ് വ്യാജമാണ്. കപിൽ മിശ്രയും ചിരാഗ് പസ്വാനും എനിക്ക് സഹോദരങ്ങളെപ്പോലെയാണ്. പരിഹാസരൂപേണ പറഞ്ഞ കാര്യങ്ങൾ ആളുകൾ ശരിയായി മനസ്സിലാക്കണമെന്നും ഇയാൾ പറഞ്ഞു.

