KSDLIVENEWS

Real news for everyone

സിജെപിക്ക് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹി പൊലീസ്; ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ച ബിജെപിക്കാരെ പിടികൂടും

SHARE THIS ON

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹി പൊലീസ്. സിജെപി സമരത്തില്‍ അണിനിരന്ന ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച പ്രതികളെ പിടികൂടുമെന്ന് പൊലീസ് ഉറപ്പുനല്‍കി.

സിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ്. ഇതേത്തുടര്‍ന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ സിജെപി തുടങ്ങിയ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു.

ജന്തര്‍ മന്തറിലെ സമരത്തില്‍ പങ്കെടുത്ത ദലിത് വിദ്യാര്‍ഥിയുടെ പിതാവിനെയാണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച്‌ തലയോട്ടി തകര്‍ത്തത്. നിഷു ആസാദ് എന്ന കുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്നും ബിജെപി നേതാക്കളായ കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ സഹായമുള്ളതിനാല്‍ താന്‍ ജയിലില്‍ പോയിട്ടില്ലെന്നും ഹിന്ദുത്വ പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സിജെപി പ്രതിഷേധം ആരംഭിച്ചത്. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ സംഘര്‍ഷ സാഹചര്യമായി. തുടര്‍ന്ന് പൊലീസ് സിജെപി നേതാക്കളെ ചര്‍ച്ചക്ക് ക്ഷണിക്കുകയായിരുന്നു.

ദലിത് പെണ്‍കുട്ടിയുടെ പിതാവ് ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് സൗരവ് ദാസ് പറഞ്ഞു. ബിജെപി കുറ്റവാളികളെ സംരക്ഷിക്കുകയാണ്. ഈ ഗുണ്ടായിസം അംഗീകരിക്കാന്‍ കഴിയില്ല. ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. അക്രമികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നും സൗരവ് ദാസ് ആരോപിച്ചിരുന്നു. പ്രതികളെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് നല്‍കിയ ഉറപ്പ്.

‘കാഷ്വല്‍ ടോക്ക്‌സ്’ എന്ന യൂട്യൂബ് പോഡ്കാസ്റ്റിലാണ് സ്വതന്ത്ര ഭരദ്വാജ് എന്ന ഹിന്ദുത്വ പ്രവര്‍ത്തകന്‍ തങ്ങള്‍ ചെയ്ത ക്രൂരതകള്‍ വെളിപ്പെടുത്തിയത്. ജന്തര്‍ മന്തറിലെ സമരവുമായി ബന്ധപ്പെട്ട് നിഷു ആസാദ് എന്ന ദലിത് വിദ്യാര്‍ഥിനിയുടെ പിതാവ് സഞ്ജയ്യെയാണ് ഇയാള്‍ ക്രൂരമായി മര്‍ദിച്ചത്. ‘നിഷുവിന്റെ അച്ഛന്റെ തല ഞാന്‍ അടിച്ചു പൊട്ടിച്ചു. വധശ്രമത്തിനാണ് കേസെടുക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ തലയില്‍ 60 തുന്നലുകള്‍ വേണ്ടിവന്നു. ആംബുലന്‍സില്‍ കിടന്ന് ആ മനുഷ്യന്‍ മരിക്കാറായിരുന്നു. തന്റെ പിതാവിന് നീതി ലഭിച്ചില്ലെങ്കില്‍ വിഷം കഴിച്ച്‌ മരിക്കുമെന്ന് മകള്‍ സ്റ്റേഷന് മുന്നില്‍ നിന്ന് കരഞ്ഞു പറഞ്ഞു. പക്ഷേ, അടുത്ത ദിവസം ഞാന്‍ പുറത്തിറങ്ങി. ജയിലില്‍ പോവുകപോലും ചെയ്തില്ല, രാത്രി മുഴുവന്‍ പുറത്ത് കറങ്ങി നടക്കുകയായിരുന്നു,’ പോഡ്കാസ്റ്റില്‍ ഇയാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!