KSDLIVENEWS

Real news for everyone

ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ പ്രാബല്യത്തിൽ

SHARE THIS ON

ദുബായ് : യു.എ.ഇ.യിലെ പുതിയ വിസചട്ടം തിങ്കളാഴ്ച പ്രാബല്യത്തിൽവന്നു. യു.എ.ഇ. യിലേക്കുള്ള എല്ലാ വിസിറ്റ് വിസകളും സിംഗിൾ, മൾട്ടിപ്പിൾ എൻട്രി സൗകര്യങ്ങളോടെ ഇനി ലഭ്യമാകും. നേരത്തേ 30 ദിവസം, 90 ദിവസം എന്നീ കാലാവധിയിലായിരുന്നു സന്ദർശകവിസകൾ അനുവദിച്ചിരുന്നത്. ഇനി സന്ദർശകവിസയുടെ കാലാവധി 60 ദിവസമായിരിക്കും.

രാജ്യത്ത് സന്ദർശകനായെത്തുന്ന ഒരാൾക്ക് ബന്ധുവോ സുഹൃത്തോ ആയി ഒരു യു.എ.ഇ. പൗരനോ അല്ലെങ്കിൽ യു.എ.ഇ. യിലെ സ്ഥിരതാമസക്കാരനോ ഉണ്ടെങ്കിൽ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. ഇതിന് സ്പോൺസർ ആവശ്യമില്ല. കൂടുതൽ പേരെ യു.എ.ഇ. യിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിസചട്ടങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്


തൊഴിൽ അന്വേഷിക്കാനായി സ്പോൺസറുടെ ആവശ്യമില്ലാത്ത പ്രത്യേകവിസകളും അനുവദിക്കും. യു.എ.ഇ. മാനവ വിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്കിൽ തലങ്ങളിൽ വരുന്ന ജോലികൾക്കായാണ് ഈവിസ അനുവദിക്കുക. ഒപ്പം ലോകമെമ്പാടുമുള്ള മികച്ച 500 സർവകലാശാലകളിൽനിന്ന് പുറത്തിറങ്ങുന്ന തൊഴിൽ പരിചയമില്ലാത്ത ബിരുദധാരികൾക്കും ജോലികണ്ടെത്താനുള്ള വിസ ലഭിക്കും. അഞ്ചുവർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസകൾക്കും സ്പോൺസർ ആവശ്യമില്ല. രാജ്യത്ത് 90 ദിവസം വരെ തുടർച്ചയായി താമസിക്കാൻ ഈ വിസകളിൽ അനുമതിയുണ്ടാകും. ഇത് ആവശ്യമെങ്കിൽ പിന്നീട് 90 ദിവസത്തേക്കുകൂടി നീട്ടുകയുംചെയ്യാം. എന്നാൽ ഒരുവർഷം 180 ദിവസത്തിൽ കൂടുതൽ യു.എ.ഇ. യിൽ താമസിക്കാനാവില്ല. 4000 ഡോളറിന് (ഏകദേശം 3,26,00 രൂപ) തുല്യമായ ബാങ്ക് ബാലൻസ് ഉണ്ടെന്ന് തെളിയിക്കണം. പ്രവാസികൾക്ക് ആൺമക്കളെ 25 വയസ്സുവരെ സ്വന്തം സ്പോൺസർഷിപ്പിൽ കൂടെ താമസിപ്പിക്കാം. നേരത്തേ ഇത് 18 വയസ്സായിരുന്നു. അവിവാഹിതരായ പെൺമക്കളെ പ്രായപരിധിയില്ലാതെ തന്നെ സ്വന്തം സ്പോൺസർഷിപ്പിൽ താമസിപ്പിക്കാനുമാവും. ഭിന്നശേഷിക്കാരായ കുട്ടികളെയും പ്രായപരിധി പരിഗണിക്കാതെ സ്പോൺസർചെയ്യാം. ഗ്രീൻ റെസിഡൻസിയിലൂടെ അടുത്ത ബന്ധുക്കളെയും സ്പോൺസർഷിപ്പിൽ കൊണ്ടുവരാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!